ഏഷ്യ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ച സഞ്ജു സാംസണിനു മുന്നറിയിപ്പുമായി ഇന്ത്യയുടെ മുന്‍ നായകനും മുന്‍ സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. ബാറ്റിങ് പൊസിഷനില്‍ സഞ്ജുവിനെ അഞ്ചാം സ്ഥാനത്തേയ്ക്കു ഇറക്കിയത് ശ്രേയസ് അയ്യര്‍ക്കു ടീമിലേക്കു വഴിയൊരുക്കുന്നതിനു വേണ്ടിയാണെന്ന് ശ്രീകാന്ത് പറഞ്ഞു.
' സഞ്ജുവിനെ അഞ്ചാം സ്ഥാനത്ത് ബാറ്റിങ്ങിനു ഇറക്കുന്നതിലൂടെ അവര്‍ ഉദ്ദേശിക്കുന്നത് ശ്രേയസ് അയ്യരെ തിരിച്ചുകൊണ്ടുവരാനാണ്. അഞ്ചാം നമ്പറില്‍ സഞ്ജു അധികം ബാറ്റ് ചെയ്തിട്ടില്ല. അദ്ദേഹം ആ പൊസിഷനില്‍ ബാറ്റ് ചെയ്യേണ്ട ആവശ്യവുമില്ല. അഞ്ചാമനായി ബാറ്റ് ചെയ്യുന്നത് സഞ്ജുവിന്റെ ആത്മവിശ്വാസം തകര്‍ക്കും. അദ്ദേഹത്തിന്റെ കാര്യത്തില്‍ എനിക്ക് വലിയ സന്തോഷമൊന്നും തോന്നുന്നില്ല. ഇത് അദ്ദേഹത്തിന്റെ ലാസ്റ്റ് ചാന്‍സ് ആയിരിക്കുമെന്ന മുന്നറിയിപ്പാണ് എനിക്ക് സഞ്ജുവിനു നല്‍കാനുള്ളത്. അഞ്ചാം നമ്പറില്‍ റണ്‍സ് കണ്ടെത്താന്‍ അടുത്ത മൂന്ന് ഇന്നിങ്‌സുകളില്‍ സഞ്ജു പരാജയപ്പെട്ടാല്‍ ഉറപ്പായും ശ്രേയസ് അയ്യര്‍ പകരക്കാരനായി ടീമിലെത്തും,' ശ്രീകാന്ത് പറഞ്ഞു.
സഞ്ജുവിനു ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ സാധിക്കുമോ എന്ന ആശങ്കയും അദ്ദേഹം രേഖപ്പെടുത്തി. ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും ഫിനിഷര്‍ റോളിനായി ടീമിലുണ്ട്. സഞ്ജുവിനെ മധ്യനിരയിലേക്ക് ഇന്ത്യ കളിപ്പിക്കുന്നത്. ഏഷ്യ കപ്പില്‍ ജിതേഷിനു പകരമായി സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. ഏഷ്യ കപ്പില്‍ അത് കുഴപ്പമില്ല. ട്വന്റി 20 ലോകകപ്പിലും അത് ചെയ്യാന്‍ കഴിയുമോ എന്നും ശ്രീകാന്ത് ചോദിച്ചു.