ഏഷ്യാകപ്പിലെ ആദ്യമത്സരത്തില്‍ പേസര്‍ അര്‍ഷദീപ് സിങ്ങിന് പ്ലേയിങ് ഇലവനില്‍ അവസരം നല്‍കാതിരുന്ന തീരുമാനത്തെ വിമര്‍ശിച്ച് ആര്‍ അശ്വിന്‍. അര്‍ഷദീപ് സിങ്ങിന്റെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ പ്ലേയിങ് ഇലവനില്‍ നിന്നും തഴഞ്ഞതില്‍ നിരാശനാകുമായിരുന്നുവെന്ന് യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ അശ്വിന്‍ പറഞ്ഞു. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ ബാറ്റിങ് കരുത്തിനും സ്പിന്നര്‍മാര്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് ചാമ്പ്യന്‍സ് ട്രോഫി മുതലുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഈ വര്‍ഷം ആദ്യം ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുമ്പോള്‍ ദുബായില്‍ വരണ്ട പിച്ചായിരുന്നു. അതുകൊണ്ടാണ് ഒരു പേസറെ മാത്രം ഉള്‍പ്പെടുത്തിയതെന്ന് പറയാം. എന്നാല്‍ ഇപ്പോള്‍ അത് അങ്ങനെയല്ല. യുഎഇക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ്ങിന്റെ ആഴം കൂട്ടേണ്ട യാതൊരു ആവശ്യവുമില്ല. അര്‍ഷദീപിന് തീര്‍ച്ചയായും പ്ലേയിങ് ഇലവനില്‍ അവസരം നല്‍കാമായിരുന്നു.അശ്വിന്‍ പറഞ്ഞു.
ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനാണ് അര്‍ഷദീപ്. കുറച്ച് കാലം മുന്‍പ് വരെ ടി20 റാങ്കിങ്ങില്‍ ഒന്നാമനുമായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനാവാതെ പോയതില്‍ അവന്‍ നിരാശനാകുമെന്ന് ഉറപ്പാണ്. കൊല്‍ക്കത്തയില്‍ മെന്ററായിരുന്നപ്പോഴും ഗംഭീര്‍ സ്പിന്നര്‍മാരെയാണ് പിന്തുണച്ചിരുന്നു. അടുത്ത ടി20 ലോകകപ്പിലും സ്പിന്നര്‍മാര്‍ക്ക് പ്രാധാന്യമുള്ള ടീമിനെയാകും ഗംഭീര്‍ ഒരുക്കുക. അശ്വിന്‍ പറഞ്ഞു.