Indian Practice Session: സഞ്ജുവിനെ സൈഡാക്കി അഭിഷേകിന്റെ സിക്‌സര്‍ മഴ, ലോക്കല്‍ നെറ്റ് ബൗളര്‍ക്ക് വിക്കറ്റ് നല്‍കി മടങ്ങി ഗില്‍

അഭിറാം മനോഹർ

ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (17:32 IST)
ദുബായ്: ഇന്ത്യയുടെ ഏഷ്യാകപ്പ് 2025 ആദ്യ മത്സരത്തിന് മുന്‍പായി ഐസിസി അക്കാദമിയില്‍ നടന്ന പരിശീലന സെഷനില്‍ അവഗണിക്കപ്പെട്ട് മലയാളി താരം സഞ്ജു സാംസണ്‍. കഴിഞ്ഞ ദിവസവും സഞ്ജു പരിശീലനത്തിനായി ഏറെ നേരം ഗ്രൗണ്ടില്‍ ഇറങ്ങിയില്ല. ഒരു വര്‍ഷമായി ഇന്ത്യന്‍ ടി20 ടീമിലെ ഓപ്പണറാണെങ്കിലും ഏഷ്യാകപ്പില്‍ സഞ്ജു ടീമിന്റെ പ്രധാനഭാഗമല്ല എന്ന സൂചനയാണ് പരിശീലന സെഷന്‍ നല്‍കുന്നത്. ഇതോടെ സഞ്ജുവിന് പകരം ജിതേഷ് ശര്‍മ ഫസ്റ്റ് ഇലവനില്‍ എത്താനുള്ള സാധ്യത തെളിഞ്ഞു.
 
 കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനില്‍ ഇന്ത്യന്‍ ഓപ്പണറായ അഭിഷേക് ശര്‍മയായിരുന്നു ഹീറോ. ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തില്ല. ഏകദേശം ഒരു മണിക്കൂര്‍ നേരം ബാറ്റിംഗ് പ്രാക്ടീസ് ചെയ്ത അഭിഷേക് 25 മുതല്‍ 30 വരെ സിക്‌സുകളാണ് ഈ സെഷനില്‍ പറത്തിയത്. അതേസമയം തന്റെ ക്ലാസ് പ്രദര്‍സിപ്പിക്കാനായെങ്കിലും ഒരു ലോക്കല്‍ നെറ്റ് ബൗളറുടെ വേഗമേറിയ പന്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ പ്രതിരോധം പാളുകയും ബൗള്‍ഡ് ആവുകയും ചെയ്തിരുന്നു. ഇതോടെ അഭിഷേക് ശര്‍മ- ഗില്‍ സഖ്യം തന്നെയാകും ഓപ്പണിങ്ങില്‍ എന്ന കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്. ഇന്ന് യുഎഇക്കെതിരെയാണ് ഏഷ്യാകപ്പിലെ ഇന്ത്യയുടെ ആദ്യമത്സരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍