England vs South Africa 2nd T20I: തലങ്ങും വിലങ്ങും അടി; ദക്ഷിണാഫ്രിക്കയെ പറപ്പിച്ച് ഫില്‍ സാള്‍ട്ട്

രേണുക വേണു

ശനി, 13 സെപ്‌റ്റംബര്‍ 2025 (06:38 IST)
Phil Salt

England vs South Africa 2nd T20: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 യില്‍ ആതിഥേയരായ ഇംഗ്ലണ്ടിനു 146 റണ്‍സ് വിജയം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 16.1 ഓവറില്‍ 158 നു ഓള്‍ഔട്ടായി. 
 
രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റിലെ (മുഴുവന്‍ അംഗ ടീം) ഏറ്റവും ഉയര്‍ന്ന ടോട്ടലാണ് ഇംഗ്ലണ്ട് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ കുറിച്ചത്. ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍ എന്നിവര്‍ തുടക്കം മുതല്‍ തകര്‍ത്തടിക്കുകയായിരുന്നു. സാള്‍ട്ട് 60 പന്തില്‍ പുറത്താകാതെ 141 റണ്‍സ് നേടി. രാജ്യാന്തര ട്വന്റി 20 യിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ആണിത്. 15 ഫോറും എട്ട് സിക്‌സും അടങ്ങിയതാണ് സാള്‍ട്ടിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ജോസ് ബട്‌ലര്‍ 30 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 83 റണ്‍സെടുത്തു. ജേക്കബ് ബെതേല്‍ (14 പന്തില്‍ 26), നായകന്‍ ഹാരി ബ്രൂക്ക് (21 പന്തില്‍ പുറത്താകാതെ 41) എന്നിവരും ദക്ഷിണാഫ്രിക്ക വധത്തില്‍ പങ്കാളികളായി. 30 ഫോറുകളും 18 സിക്‌സുകളുമാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സില്‍. ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ പേസര്‍ കഗിസോ റബാദ നാല് ഓവറില്‍ വഴങ്ങിയത് 70 റണ്‍സ്, ഒരു വിക്കറ്റ് പോലും വീഴ്ത്താനും സാധിച്ചില്ല. 
 
മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ ഏദന്‍ മാര്‍ക്രം (20 പന്തില്‍ 41), റയാന്‍ റിക്കല്‍ട്ടണ്‍ (10 പന്തില്‍ 20) എന്നിവര്‍ മികച്ച തുടക്കം നല്‍കാന്‍ ശ്രമിച്ചെങ്കിലും ഇംഗ്ലണ്ട് ബൗളര്‍മാര്‍ പിടിച്ചുകെട്ടി. ജോണ്‍ ഫോര്‍ട്ട്യുന്‍ (19 പന്തില്‍ 32), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (25 പന്തില്‍ 23), ഡോണോവന്‍ ഫെറയ്‌റ (11 പന്തില്‍ 23) എന്നിവര്‍ മാത്രമാണ് ചെറിയ ചെറുത്തുനില്‍പ്പെങ്കിലും നടത്തിയത്. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നും സാം കറാന്‍, ലിയാം ഡ്വസണ്‍, വില്‍ ജാക്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഡത്ത് വര്‍ക്ക് ലൂയിസ് നിയമത്തിന്റെ ആനുകൂല്യത്തില്‍ 14 റണ്‍സിനു ജയിച്ചിരുന്നു. പരമ്പര 1-1 എന്ന നിലയിലാണ് ഇപ്പോള്‍. സെപ്റ്റംബര്‍ 14 ഞായറാഴ്ച നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍