ഐപിഎൽ പുനരാരംഭിക്കുന്നു, തീയ്യതികളായി,വിദേശതാരങ്ങൾ തിരിച്ചെത്തും, തടസ്സപ്പെട്ട പഞ്ചാബ്- ഡൽഹി മത്സരം വീണ്ടും നടത്തും

അഭിറാം മനോഹർ

ഞായര്‍, 11 മെയ് 2025 (12:27 IST)
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഈ മാസം 15നോ 16നോ മത്സരങ്ങള്‍ പുനരാരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. ധരംശാല ഒഴികെയുള്ള വേദികളില്‍ മുന്‍നിശ്ചയപ്രകാരം മത്സരം നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് തടസ്സപ്പെട്ട പഞ്ചാബ് സൂപ്പര്‍ കിംഗ്‌സ്- ഡല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരം വീണ്ടും നടത്താനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.
 
 അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെച്ചതോടെ നാട്ടിലേക്ക് മടങ്ങിയ വിദേശതാരങ്ങളോട് മടങ്ങിയെത്താന്‍ ടീമുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. 10 ടീമുകളിലായി അറുപതോളം വിദേശതാരങ്ങളാണ് ഐപിഎല്ലില്‍ കളിക്കുന്നത്. ഇതുവരെ 57 മത്സരങ്ങള്‍ ഐപിഎല്ലില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഉപേക്ഷിച്ച പഞ്ചാബ്- ഡല്‍ഹി പോരാട്ടമടക്കം 17 മത്സരങ്ങളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ഒരാഴ്ചയ്ക്ക് നിര്‍ത്തിവെയ്ക്കാനാണ് ബിസിസിഐ തീരുമാനിച്ചത്. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അടക്കം ഐപിഎല്ലിന് വേദിയാവാന്‍ സന്നദ്ധത അറിയിച്ചിരുന്നു. സംഘര്‍ഷ സാധ്യത കുറഞ്ഞ ചെന്നൈ, ബാംഗ്ലൂര്‍ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി പരിമിതപ്പെടുത്തി ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനും ബിസിസിഐ ആലോചിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍