Royal Challengers Bengaluru: പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; വിറപ്പിച്ച് ആയുഷ് മാത്രേ

രേണുക വേണു

ഞായര്‍, 4 മെയ് 2025 (07:07 IST)
RCB

Royal Challengers Bengaluru: 17 കാരന്‍ ആയുഷ് മാത്രേയുടെ വെടിക്കെട്ട് ഇന്നിങ്‌സില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഞെട്ടിവിറച്ചു, ഒടുവില്‍ രണ്ട് റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ പൊരുതിയെങ്കിലും 20 ഓവറില്‍ അഞ്ച് വിക്കറ്റിനു 211 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 
 
ഓപ്പണറായി ക്രീസിലെത്തിയ ആയുഷ് മാത്രേ 48 പന്തില്‍ ഒന്‍പത് ഫോറും അഞ്ച് സിക്‌സും സഹിതം 94 റണ്‍സ് നേടി. രവീന്ദ്ര ജഡേജ 45 പന്തില്‍ 77 റണ്‍സെടുത്തു. പക്ഷേ ഇരുവരുടെയും പരിശ്രമങ്ങള്‍ ഫലം കണ്ടില്ല. അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. യാഷ് ദയാല്‍ എറിഞ്ഞ അവസാന ഓവറില്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയെ നഷ്ടമായത് ചെന്നൈയ്ക്ക് തിരിച്ചടിയായി. ഒരു സിക്‌സര്‍ അടക്കം അവസാന ഓവറില്‍ ചെന്നൈയ്ക്ക് നേടാനായക് 12 റണ്‍സ് മാത്രം. 
 
നാല് ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലുങ്കി എന്‍ഗിഡിയാണ് ആര്‍സിബി ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. യാഷ് ദയാലിനും ക്രുണാല്‍ പാണ്ഡ്യക്കും ഓരോ വിക്കറ്റ്. ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 55 റണ്‍സ് വഴങ്ങി. ജോഷ് ഹെസല്‍വുഡ് ഇല്ലാതെയാണ് ആര്‍സിബി ചെന്നൈക്കെതിരെ ഇറങ്ങിയത്. 
 
ഓപ്പണര്‍മാരായ ജേക്കബ് ബെതേല്‍ (33 പന്തില്‍ 55), വിരാട് കോലി (33 പന്തില്‍ 62) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ആര്‍സിബിക്ക് മികച്ച തുടക്കം നല്‍കിയത്. അവസാന ഓവറുകളില്‍ റൊമാരിയോ ഷെപ്പേര്‍ഡ് തകര്‍ത്തടിച്ചത് ആര്‍സിബിക്ക് ഗുണം ചെയ്തു. ഷെപ്പേര്‍ഡ് 14 പന്തില്‍ നാല് ഫോറും ആറ് സിക്‌സും സഹിതം 53 റണ്‍സ് നേടി പുറത്താകാതെ നിന്നു. 
 
ചെന്നൈയ്‌ക്കെതിരായ ജയത്തോടെ ആര്‍സിബി പ്ലേ ഓഫ് ഉറപ്പിച്ചു. 11 കളികളില്‍ എട്ട് ജയത്തോടെ 16 പോയിന്റുള്ള ബെംഗളൂരു ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍