14 വയസ്സുകാരൻ അടിച്ചൊതുക്കുമെന്ന പേടിയില്ല, ഡിവില്ലിയേഴ്സ് അടക്കം പലർക്കെതിരെയും പന്തെറിഞ്ഞിട്ടുണ്ട്, ഇതൊരു ചലഞ്ച്: ട്രെൻഡ് ബോൾട്ട്

അഭിറാം മനോഹർ

വ്യാഴം, 1 മെയ് 2025 (16:30 IST)
Boult on Vaibhav
സവായ് മന്‍സിങ് സ്റ്റേഡിയത്തില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍ എല്ലാ കണ്ണുകളും വൈഭവ് സൂര്യവംശിയെന്ന 14കാരന് മുകളിലാണ്. ഗുജറാത്തിനെതിരെ 35 പന്തില്‍ സെഞ്ചുറി നേടി മിന്നുന്ന ഫോമിലാണ് താരം. ഇപ്പോഴിതാ വൈഭവിനെ നേരിടുന്നതിനെ എങ്ങനെ കാണുന്നു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ രാജസ്ഥാന്‍ താരവും നിലവിലെ മുംബൈയുടെ പേസ് ആക്രമണത്തിലെ പ്രധാനിയുമായ ട്രെന്‍ഡ് ബോള്‍ട്ട്.
 
 ഇതൊരു ആവേശകരമായ ചലഞ്ചാണ് എന്നാണ് ട്രെന്‍ഡ് ബോള്‍ട്ട് പറയുന്നത്. 14കാരന്‍ തനിക്ക് വിഷമമുണ്ടാക്കുന്നില്ലെന്നാണ് ട്രെന്‍ഡ് ബോള്‍ട്ട് വ്യക്തമാക്കിയത്. ലോകത്തിലെ  മികച്ച ബാറ്റ്‌സ്മാന്‍മാരായ ക്രിസ് ഗെയ്‌ല്, എബി ഡി വിലിയേഴ്‌സ് തുടങ്ങിയവഋക്കെതിരെ ഞാന്‍ ബൗള്‍ ചെയ്തിട്ടുണ്ട്. 14 വയസുകാരനെ ഓര്‍ത്ത് ടെന്‍ഷനടിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ നിലവില്‍ ഫോമിലുള്ള യുവതാരത്തിനെതിരെ പന്തെറിയുക എന്നത് ആവേശകരമായിരിക്കും. ഇത്രയും ചെറുപ്പത്തില്‍ വന്ന് അവസരം പിടിച്ചെടുക്കുക എന്നതെല്ലാം ഈ ടൂര്‍ണമെന്റിന്റെ സൗന്ദര്യം തന്നെയാണ്. ഒരു ബൗളര്‍ എന്ന നിലയില്‍ ഹൈസ്‌കോറിംഗ് മാച്ചാകുമെന്ന് തോന്നുന്നില്ല.വളരെ വേഗതയുള്ള ഔട്ട്ഫീല്‍ഡുള്ള  ഒരു മികച്ച വിക്കറ്റാണിത്. കഴിഞ്ഞ മൂന്ന് സീസണിലായി എനിക്ക് ഈ മൈതാനത്തില്‍ കളിച്ച് പരിചയമുണ്ട്. അത് പ്രയോജനപ്പെടുത്താനാകും എന്നാണ് വിശ്വാസം.
 
സീസണിലെ തുടക്കത്തിലെ മോശം പ്രകടനങ്ങള്‍ ഒരു ടീമും ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍
ചില മത്സരങ്ങളില്‍ അല്‍പ്പം പിന്നിലായിരുന്നു, ഇത് ഫോര്‍മാറ്റില്‍ സാധാരണമാണ്. എന്നാല്‍ ഇപ്പോള്‍ ഒരുപാട് മാറ്റം ടീമിലുണ്ടായിട്ടുണ്ട്. ബുമ്രയെ പോലെ അനുഭവസമ്പത്തുള്ള ഒരു ബൗളര്‍ തിരിച്ചെത്തി എന്നത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ടെന്നും ബോള്‍ട്ട് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍