Rajasthan Royals: ലഖ്നൗവിനെതിരായ മത്സരത്തിൽ രാജസ്ഥാൻ ഒത്തുകളിച്ചു, ഗുരുതര ആരോപണവുമായി ബിജെപി എംഎൽഎ

അഭിറാം മനോഹർ

ചൊവ്വ, 22 ഏപ്രില്‍ 2025 (11:35 IST)
ഐപിഎല്‍ 2025 പതിപ്പില്‍ ദയനീയമായ പ്രകടനമാണ് സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സ് നടത്തുന്നത്. ആകെ കളിച്ച 8 മത്സരങ്ങളിലും ആറിലും തോറ്റ രാജസ്ഥാന്‍ കയ്യിലിരുന്ന 2 മത്സരങ്ങളാണ് അവസാന ഓവറില്‍ എതിരാളികള്‍ക്ക് വിട്ട് നല്‍കിയത്. ഇതില്‍ ലഖ്‌നൗവിനെതിരായ മത്സരത്തില്‍ വിജയിക്കാന്‍ എല്ലാ സാധ്യതകളും ഉണ്ടായിട്ടും രാജസ്ഥാന്‍ 2 റണ്‍സിന് പരാജയപ്പെട്ടിരുന്നു.
 
 ഇപ്പോഴിതാ ഈ മത്സരത്തിന്റെ പേരില്‍ രാജസ്ഥാന്‍ ടീമിനെതിരെ ഒത്തുക്കളി ആരോപണം ഉന്നയിച്ചിരിക്കുകയാണ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഡ്‌ഹോക്ക് കമ്മിറ്റി കണ്‍വീനറായ ജയ്ദീപ് ബിഹാനി. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് ജയ്ദീപ് ബിഹാനി. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിനിടെയാണ് ജയ്ദീപ് ബിഹാനിയുടെ ആരോപണം. രാജസ്ഥാനിലെ എല്ലാ മത്സരങ്ങളും ഒരു പ്രശ്‌നമില്ലാതെ നടക്കുന്നു എന്ന് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ അഡ്‌ഹോക്ക് കമ്മിറ്റിയെ നിയമിച്ചത് എന്നാല്‍ ഐപിഎല്‍ വന്നപ്പോള്‍ തങ്ങള്‍ക്ക് ധാരാണ പത്രം ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ കൗണ്‍സിലും രാജസ്ഥാന്‍ റോയല്‍സും പറയുന്നതെന്ന് ബിഹാനി പറയുന്നു.
 
 ഐപിഎല്ലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളില്‍ നിന്നും അഡ്‌ഹോക് കമ്മിറ്റിയെ മാറ്റിയതാണ് ഒത്തുക്കളി സംശയിക്കാനുള്ള പ്രധാന കാരണമായി ബിഹാനി ചൂണ്ടികാണിക്കുന്നത്. ജയിച്ചെന്ന് ഉറപ്പിച്ച മത്സരം എങ്ങനെയാണ് രാജസ്ഥാന്‍ തോറ്റതെന്നും എന്ത് സന്ദേശമാണ് രാജസ്ഥാന്‍ റോയല്‍സ് യുവതാരങ്ങള്‍ക്ക് നല്‍കുന്നതെന്നും ബിഹാനി ചോദിക്കുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍