രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ടീം മാനേജ്‌മെന്റും തമ്മില്‍ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ സൂപ്പര്‍ ഓവറിലേക്ക് കളി നീണ്ടപ്പോള്‍ ടീം ചര്‍ച്ചകളില്‍ സഞ്ജു സാംസണ്‍ പങ്കെടുക്കാതെ ഒഴിഞ്ഞുനിന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മാനേജ്‌മെന്റുമായും കോച്ചുമായും സഞ്ജുവിന് ഭിന്നതകളില്ലെന്ന് ദ്രാവിഡ് വ്യക്തമാക്കിയിരിക്കുന്നത്.
യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നത്. എവിടെ നിന്നാണ് ഇത്തരം അഭ്യൂഹങ്ങളുണ്ടാകുന്നതെന്ന് അറിയില്ല. സഞ്ജുവും ഞാനും തമ്മില്‍ പ്രശ്‌നങ്ങളില്ല. സഞ്ജു ടീമിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ്. അദ്ദേഹം എല്ലാ തീരുമാനങ്ങളുടെയും ചര്‍ച്ചകളുടെയും ഭാഗമാണ്. ഒരിക്കലും സഞ്ജു അതില്‍ മാറിനിന്നിട്ടില്ല. ടീം മത്സരങ്ങള്‍ തോല്‍ക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കും. പ്രകടനം മെച്ചപ്പെടുത്തി അത് മാറ്റിയെടുക്കാം. പക്ഷേ ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങളില്‍ ഒന്നും ചെയ്യാനാകില്ല. ദ്രാവിഡ് പറഞ്ഞു.