Liam Livingstone: 'ബാറ്റിങ് തകര്‍ച്ചയില്‍ രക്ഷകനാകാന്‍ വിളിച്ചെടുത്തു, ആദ്യം തകരുന്നത് പുള്ളി തന്നെ'; ലിവിങ്സ്റ്റണിനു ട്രോള്‍

രേണുക വേണു

ശനി, 19 ഏപ്രില്‍ 2025 (08:23 IST)
Liam Livingstone

Liam Livingstone: ഐപിഎല്‍ താരലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വലിയ പ്രതീക്ഷകളോടെ വിളിച്ചെടുത്ത ഓള്‍റൗണ്ടറാണ് ഇംഗ്ലണ്ട് താരം ലിയാം ലിവിങ്‌സ്റ്റണ്‍. എന്നാല്‍ ഈ സീസണിലെ ഒരു മത്സരത്തില്‍ പോലും ടീമിനായി കാര്യമായൊന്നും ചെയ്യാന്‍ താരത്തിനു സാധിച്ചിട്ടില്ല. 
 
ഇന്നലെ പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തിലും ലിവിങ്സ്റ്റണ്‍ നിരാശപ്പെടുത്തി. 21-2 എന്ന നിലയില്‍ ആര്‍സിബി പ്രതിരോധത്തിലായപ്പോള്‍ ക്രീസിലെത്തിയ ലിവിങ്സ്റ്റണ്‍ ആറ് പന്തുകളില്‍ വെറും നാല് റണ്‍സെടുത്ത് പുറത്തായി. ബാറ്റിങ് തകര്‍ച്ചയുണ്ടായാല്‍ കാമിയോ കളിക്കാന്‍ സാധിക്കുന്ന താരമെന്ന നിലയിലാണ് ആര്‍സിബി ലിവിങ്സ്റ്റണിനെ ലേലത്തില്‍ വിളിച്ചെടുത്തത്. എന്നാല്‍ ആര്‍സിബിയുടെ ബാറ്റിങ് തകര്‍ച്ചയില്‍ ഭാഗമാകുക മാത്രമാണ് ഇതുവരെ ലിവിങ്സ്റ്റണ്‍ ചെയ്തത്. 
 
ഈ സീസണില്‍ ആര്‍സിബിക്കായി ഏഴ് മത്സരങ്ങളില്‍ നിന്ന് ലിവിങ്സ്റ്റണ്‍ നേടിയത് വെറും 87 റണ്‍സ് മാത്രം. 17.40 ആണ് ശരാശരി. കഴിഞ്ഞ സീസണില്‍ പഞ്ചാബിനായി കളിച്ച ലിവിങ്സ്റ്റണ്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് നേടിയത് 111 റണ്‍സാണ്. 2022 സീസണില്‍ മാത്രമാണ് ലിവിങ്സ്റ്റണ്‍ 300 റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. അന്ന് 14 കളികളില്‍ നിന്ന് 437 റണ്‍സ് നേടാന്‍ സാധിച്ചിരുന്നു. 
 
ലിവിങ്സ്റ്റണിന്റെ മോശം ഫോം ആര്‍സിബിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിര്‍ണായക സമയത്ത് താരം നിരാശപ്പെടുത്തുകയാണ്. ബൗളിങ്ങിലും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ താരത്തിനു സാധിച്ചിട്ടില്ല. ഈ സീസണില്‍ ഏഴ് മത്സരങ്ങളില്‍ പന്തെറിഞ്ഞിട്ട് വീഴ്ത്താനായത് രണ്ട് വിക്കറ്റുകള്‍ മാത്രമാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍