മഴയെ തുടര്‍ന്ന് ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 42-7 എന്ന നിലയില്‍ ആര്‍സിബി തകര്‍ന്നതാണ്. അവിടെ നിന്ന് ടിം ഡേവിഡ് നടത്തിയ രക്ഷാപ്രവര്‍ത്തനം ആതിഥേയരെ നാണക്കേടില്‍ നിന്നു രക്ഷിച്ചു. 26 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 50 റണ്‍സുമായി ടിം ഡേവിഡ് പുറത്താകാതെ നിന്നു. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, ഹര്‍പ്രീത് ബ്രാര്‍, യുസ്വേന്ദ്ര ചഹല്‍, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. പഞ്ചാബിനായി നേഹാള്‍ വദേര 19 പന്തില്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു.
ഹോം ഗ്രൗണ്ടില്‍ ഇത്രയും മോശം റെക്കോര്‍ഡ് ഉള്ള വേറൊരു ടീം ഐപിഎല്ലില്‍ ഇല്ല. 2017 മുതലുള്ള സീസണുകള്‍ പരിഗണിച്ചാല്‍ ആര്‍സിബി ചിന്നസ്വാമിയില്‍ കളിച്ചിരിക്കുന്നത് 36 തവണ. ഇതില്‍ 15 ജയം മാത്രം, 21 കളികള്‍ തോറ്റു. ആതിഥേയത്വം വഹിക്കുന്ന ഒരു ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ തവണ തോറ്റതിന്റെ റെക്കോര്‍ഡും ആര്‍സിബിക്കു തന്നെ. ബെംഗളൂരുവില്‍ 46 തവണയാണ് ആര്‍സിബി ഐപിഎല്ലില്‍ തോറ്റിരിക്കുന്നത്. ഡല്‍ഹിയിലെ ഗ്രൗണ്ടില്‍ 45 തവണ തോറ്റ ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് രണ്ടാമത്.