നഷ്ടബോധമില്ല, പരിശീലകനാവാൻ അവസരം ലഭിച്ചാൽ സ്വീകരിക്കും: പൂജാര

അഭിറാം മനോഹർ

ബുധന്‍, 3 സെപ്‌റ്റംബര്‍ 2025 (18:32 IST)
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമ്പോള്‍ തനിക്ക് നഷ്ടബോധമില്ലെന്ന് മുന്‍ ഇന്ത്യന്‍ താരമായ ചേതേശ്വര്‍ പുജാര. സ്‌ട്രൈക്ക് റേറ്റിനെ പറ്റിയുള്ള ചര്‍ച്ചകള്‍ തന്നെ ഒരിക്കലും ബാധിച്ചിരുന്നില്ലെന്നും പരിശീലകനാവാന്‍ അവസരം ലഭിച്ചാല്‍ അത് സ്വീകരിക്കുമെന്നും പുജാര വ്യക്തമാക്കി.
 
ഗുജറാത്തിലെ പരിമിതമായ സാഹചര്യങ്ങളില്‍ വന്ന് ഇന്ത്യയ്ക്കായി 100 ടെസ്റ്റുകള്‍ കളിച്ച താരത്തിലേക്കുള്ള വളര്‍ച്ചയില്‍ മുന്‍ രഞ്ജി താരമായ അച്ഛന്റെ സമര്‍പ്പണത്തിന് വലിയ പങ്കുണ്ട്. രാജ്‌കോട്ട് പോലെ ഒരു ചെറിയ പട്ടണത്തില്‍ നിന്നും ഇന്ത്യന്‍ ടീം വരെയെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ അച്ഛന്‍ കര്‍ക്കശക്കാരനായ പരിശീലകനായിരുന്നു. ഞാന്‍ മികച്ച താരമാകുമെന്ന് അച്ഛന് വിശ്വാസമുണ്ടായിരുന്നു. ടെസ്റ്റിലെ സ്‌ട്രൈക്ക് റേറ്റിനെ പറ്റിയുള്ള ചര്‍ച്ചകള്‍ ഒരിക്കലും അസ്വസ്ഥനാക്കിയിട്ടില്ല. സ്വന്തം ശക്തിയില്‍ ഉറച്ച് നില്‍ക്കാനാണ് ശ്രമിച്ചത്. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തോല്‍വിക്ക് ശേഷവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടര്‍ന്നത് ഇന്ത്യയ്ക്കായി ഇനിയും കളിക്കാമെന്ന പ്രതീക്ഷയിലാണ്. എങ്കിലും വിരമിക്കുമ്പോള്‍ നഷ്ടബോധമില്ല. നിലവില്‍ കമന്റേറ്ററായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പരിശീലകനാവാനുള്ള ഓഫര്‍ ലഭിച്ചാല്‍ അതിനെ പറ്റി  ആലോചിക്കുമെന്നും പുജാര പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍