താന്‍ ധോനിക്ക് സ്‌ട്രൈക്ക് കൊടുക്കണമെന്നാകും ആരാധകര്‍ ആഗ്രഹിച്ചത്, എന്നാല്‍ ടീമിന്റെ വിജയമാണ് പ്രധാനം: രചിന്‍ രവീന്ദ്ര

അഭിറാം മനോഹർ

തിങ്കള്‍, 24 മാര്‍ച്ച് 2025 (16:58 IST)
മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്ലിലെ എല്‍- ക്ലാസിക്കോ മത്സരത്തില്‍ വിജയിച്ച് ഐപിഎല്‍ ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ചെന്നൈ ചെപ്പോക്കില്‍ നടന്ന ലോ സ്‌കോര്‍ ത്രില്ലറില്‍ അവസാന ഓവറില്‍ വെറും 4 റണ്‍സ് മാത്രം ആവശ്യമുള്ളപ്പോള്‍ എം എസ് ധോനി ക്രീസിലെത്തിയെങ്കിലും ടീമിനായി വിജയറണ്‍ നേടാന്‍ താരത്തിനായിരുന്നില്ല. ഓപ്പണറായെത്തി 65 റണ്‍സുമായി പുറത്താകാതെ നിന്ന രചിന്‍ രവീന്ദ്രയായിരുന്നു സിക്‌സറോട് കൂടി ചെന്നൈ വിജയം പൂര്‍ത്തിയാക്കിയത്.
 
മത്സരശേഷം ഇതിനെ പറ്റി രചിന്‍ രവീന്ദ്രയുടെ പ്രതികരണം ഇങ്ങനെ. ആരാധകര്‍ ധോനിക്ക് സ്‌ട്രൈക്ക് ലഭിക്കണമെന്നും അദ്ദേഹം മത്സരം ഫിനിഷ് ചെയ്യണമെന്നും ആഗ്രഹിച്ചിട്ടുണ്ടാകാം. എന്നാല്‍ നിങ്ങള്‍ ടീമിനായി കളിക്കുമ്പോള്‍ ടീമിനായി കളി വിജയിക്കണം എന്നതില്‍ മാത്രമാകും ശ്രദ്ധ നല്‍കുന്നത്. ധോനി കളത്തിലേക്ക് വരുമ്പൊളുള്ള വിസിലുകളും ആരവങ്ങളും അദ്ദേഹത്തോടൊപ്പം ക്രീസില്‍ സമയം ചെലവിടുന്നതും രസകരമാണ്. അദ്ദേഹം ഈ ഗെയിമിന്റെ ഇതിഹാസമാണ്. ആളുകള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു.
 
 എല്ലാ കാണികളും ഞാന്‍ അദ്ദേഹത്തിന് സ്‌ട്രൈക്ക് നല്‍കിയിരുന്നെങ്കില്‍ അദ്ദേഹം മത്സരം ഫിനിഷ് ചെയ്‌തേനെയെന്ന് പ്രതീക്ഷിച്ച് കാണും. എന്നാല്‍ എന്റെ ജോലി മത്സരം പൂര്‍ത്തിയാക്കുന്നതാണ്. അദ്ദേഹം ചെന്നൈയ്ക്കായി ഒട്ടേറെ മത്സരങ്ങള്‍ ഫിനിഷ് ചെയ്തിട്ടുണ്ട്. ഇനിയും അത്തരം ധാരാളം മത്സരങ്ങള്‍ വരാനുണ്ടെന്ന് എനിക്കുറപ്പുണ്ട്. രവീന്ദ്ര കൂട്ടിച്ചേര്‍ത്തു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍