തുടരെ മോശം പ്രകടനം അവന്റെ പേരിനെ ബാധിക്കുന്നു, മനസിലാക്കിയാല്‍ അത്രയും നല്ലതെന്ന് സെവാഗ്

അഭിറാം മനോഹർ

വെള്ളി, 18 ഏപ്രില്‍ 2025 (16:18 IST)
ഐപിഎല്ലില്‍ ലഭിക്കുന്ന മികച്ച തുടക്കം മുതലാക്കാനാവാതെ പരാജയപ്പെടുന്നതില്‍ മുംബൈ താരം രോഹിത് ശര്‍മയ്‌ക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ വെറും 26 റണ്‍സിനാണ് രോഹിത് പുറത്തായത്. ഇതുവരെ കളിച്ച 6 ഇന്നിങ്ങ്‌സുകളില്‍ നിന്നും വെറും 82 റണ്‍സ് മാത്രമാണ് രോഹിത് നേടിയിട്ടുള്ളത്.
 
സീസണില്‍ 400 റണ്‍സ് പോലും നേടാനാവാതെ രോഹിത് കഷ്ടപ്പെടുന്നത് തന്നെ നിരാശപ്പെടുത്തുന്നുവെന്നാണ് സെവാഗ് വ്യക്തമാക്കിയത്. പവര്‍പ്ലെയില്‍ ആധിപത്യം പുലര്‍ത്തുക എന്ന തന്ത്രം സ്വീകരിച്ചതോടെ ഐപിഎല്ലില്‍ ഏറെക്കാലമായി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ രോഹിത്തിനായിട്ടില്ല. ക്രീസില്‍ നിലയുറപ്പിച്ച് വലിയ ഇന്നിങ്ങ്‌സുകള്‍ കളിക്കുകയാണെങ്കില്‍ വലിയ ഇന്നിങ്ങ്‌സുകള്‍ കളിക്കാനാകുമെന്ന് രോഹിത് തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ സമീപനം മാറിയത് ചെറിയ സ്‌കോറുകളില്‍ താരം പുറത്താകാന്‍ കാരണമാകുന്നു. രോഹിത്തിന്റെ ഐതിഹാസികമായ കരിയറിന് ഇത് കളങ്കമുണ്ടാക്കുന്നുവെന്നാണ് സെവാഗ് പറയുന്നത്.
 
കഴിഞ്ഞ 10 വര്‍ഷത്തിലെ ഐപിഎല്‍ പരിശോധിക്കുകയാണെങ്കില്‍ ഒരു തവണ മാത്രമാണ് രോഹിത് 400 റണ്‍സിലധികം ഒരു സീസണില്‍ നേടിയിട്ടുള്ളത്. സീസണില്‍ 500,700 റണ്‍സടിക്കണമെന്ന് ചിന്തിക്കുന്ന താരമല്ല രോഹിത്. എന്നാല്‍ അങ്ങനെ ചിന്തിക്കുകയാണെങ്കില്‍ രോഹിത്തിന് അതിന് സാധിക്കും. പവര്‍പ്ലെയില്‍ മാക്‌സിമം റണ്‍സടിക്കുക എന്ന നയം സ്വീകരിച്ചതോടെ വലിയ ഇന്നിങ്ങ്‌സുകള്‍ രോഹിത്തില്‍ നിന്നും വരുന്നില്ല. കരിയര്‍ അവസാനിക്കും മുന്‍പ് ആരാധകര്‍ക്ക് ഓര്‍ക്കാനുള്ള ഇന്നിങ്ങ്‌സുകള്‍ നല്‍കാനാണ് രോഹിത് ശ്രമിക്കുന്നത്. നിലവിലെ ഇന്നിങ്ങ്‌സുകള്‍ കാണുമ്പോള്‍ രോഹിത് എന്തുകൊണ്ടാണ് ഇപ്പോഴും ടീമിലുള്ളത് എന്ന തോന്നലാണ് നല്‍കുന്നതെന്നും സെവാഗ് പറഞ്ഞു.
 
 10 പന്തുകള്‍ അധികമായി ക്രീസില്‍ നില്‍ക്കാന്‍ ശ്രമിക്കു. കളിക്കാന്‍ അവസരം ഉണ്ടാക്കു. ലെങ്ത് ബോളുകളില്‍ പുള്‍ ഷോട്ടിന് ശ്രമിച്ചാണ് രോഹിത് പലതവണയും ഔട്ടാകുന്നത്. പുള്‍ ഷോട്ട് കളിക്കില്ലെന്ന് തീരുമാനിച്ച് ഒരു ഇന്നിങ്ങ്‌സെങ്കിലും കളിക്കാന്‍ രോഹിത് തയ്യാറാകണം. സെവാഗ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍