ഡൈ ഹാര്‍ഡ് ഫാന്‍സ് ഉണ്ടെങ്കില്‍ അത് ധോനിക്ക് മാത്രം, ബാക്കിയെല്ലാം പെയ്ഡ് ഫാന്‍സ്, വിവാദമായി ഹര്‍ഭജന്‍ സിംഗിന്റെ പ്രസ്താവന
ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയുടെ ടെസ്റ്റിലെ വിരമിക്കലിന് ആദരം അറിയിക്കാനായി കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ആര്‍സിബി- കെകെആര്‍ പോരാട്ടത്തിന് തൂവെള്ള ജേഴ്‌സി ധരിച്ചാണ് പതിനായിരക്കണക്കിന് ബെംഗളുരു ആരാധകര്‍ ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയത്. മഴ കളി മുടക്കിയതോടെ സ്റ്റേഡിയത്തിലെ ഈ കാഴ്ച നഷ്ടമായെങ്കിലും ഒട്ടേറെ പേര്‍ വെള്ള ജേഴ്‌സിയില്‍ ഗാലറിയിലുണ്ടായിരുന്നു.
ഇതിനിടെ ക്രിക്കറ്റില്‍ ധോനിക്ക് മാത്രമാണ് യഥാര്‍ഥ ആരാധകരുള്ളതെന്നും ബാക്കിയെല്ലാം സോഷ്യല്‍ മീഡിയയിലെ പെയ്ഡ് ഫാന്‍സുകാര്‍ ആണെന്നുമുള്ള മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗിന്റെ പ്രസ്താവന വിവാദമായി മാറിയിരിക്കുകയാണ്. ഐപിഎല്ലിനിടെ നടന്ന ഒരു ടെലിവിഷന്‍ ചര്‍ച്ചയിലായിരുന്നു ഹര്‍ഭജന്‍ ഇക്കാര്യം പരഞ്ഞത്. ഏതെങ്കിലും ഒരു താരത്തിന് യഥാര്‍ഥ ഫാന്‍സ് ഉണ്ടെങ്കില്‍ അത് എം എസ് ധോനിക്കാണ്. ബാക്കിയെല്ലാം പെയ്ഡ് ഫാന്‍സ് ആണെന്നായിരുന്നു ഹര്‍ഭജന്‍ വ്യക്തമാക്കിയത്. നിങ്ങള്‍ ഇത്രയും സത്യങ്ങള്‍ ഉറക്കെ പറയരുതായിരുന്നു എന്നാണ് ഹര്‍ഭജനൊപ്പം ചര്‍ച്ചയിലുണ്ടായിരുന്ന ആകാശ് ചോപ്ര അപ്പോള്‍ പറഞ്ഞത്. ഇത് ആരെങ്കിലും പറയണ്ടേ എന്ന് ഹര്‍ഭജന്‍ തിരിച്ച് മറുപടിയും നല്‍കി. ഹര്‍ഭജന്റെ പ്രസ്താവന കോലി ആരാധകരെ ലക്ഷ്യമിട്ടാണെന്ന ചര്‍ച്ചയും ഇതോടെ സോധ്യല്‍ മീഡിയയില്‍ കൊഴുത്തു.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കളി കാണാനെത്തുന്നവരെ നോക്കു. അവര്‍ ധോനിയുടെ കളി കാണാനാണ് വരുന്നത്. ധോനിക്ക് അദ്ദേഹം ആഗ്രഹിക്കുന കാലം കളി തുടരാം. അതുകൊണ്ട് ധോനി ആരാധകരാണ് യഥാര്‍ഥ ആരാധകരെന്ന് ഞാന്‍ വിശ്വസിക്കുന്നു.ബാക്കിയെല്ലാം സോഷ്യല്‍ മീഡിയ വഴി വരുന്ന പെയ്ഡ് ഫാന്‍സാണ്. അവരെ കുറിച്ച് പറഞ്ഞാല്‍ ഈ ചര്‍ച്ച പല വഴിക്കും പോകും. ചാനല്‍ സംവാദത്തിനിടെ ഹര്‍ഭജന്‍ പറഞ്ഞു.