ടെസ്റ്റ് ക്രിക്കറ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച സൂപ്പര്‍ താരം വിരാട് കോലിക്ക് ആദരമൊരുക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു ആരാധകര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ ആര്‍സിബി ആരാധകരെത്തുക വെള്ള ജേഴ്‌സി ധരിച്ചാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 17നാണ് ആര്‍സിബി കൊല്‍ക്കത്ത പോരാട്ടം. കോലിയുടെ ടെസ്റ്റ് കരിയറിനെ ആദരിക്കുന്നതിനായാണ് ആരാധകര്‍ വെള്ള ജേഴ്‌സി ധരിച്ചെത്തുന്നത്.
മത്സരത്തിനാായി സ്റ്റേഡിയത്തിലെത്തുന്ന ആരാധകരോട് ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സി ധരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കില്‍ പൂര്‍ണ്ണമായും വെള്ള നിറത്തിലുള്ള വസ്ത്രം ധരിക്കാനാണ് നിര്‍ദേശം. ബാംഗ്ലൂര്‍ ആരാധകരുടെ ഈ നീക്കത്തില്‍ സോഷ്യല്‍ മീഡിയയും വലിയ പിന്തുണയാണ് നല്‍കുന്നത്. ചിന്നസ്വാമിയില്‍ ആരാധകര്‍ വെള്ള ജേഴ്‌സിയില്‍ എത്തിയാല്‍ ക്രിക്കറ്റ് ലോകം കണ്ടതില്‍ ഏറ്റവും വ്യത്യസ്തമായ യാത്രയയപ്പാകും അത്. തിങ്കളാഴ്ചയാണ് കോലി ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. 123 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 46.85 ശരാശരിയില്‍ 30 സെഞ്ചുറികള്‍ ഉള്‍പ്പടെ 9230 റണ്‍സാണ് കോലി നേടിയിട്ടുള്ളത്.