Kohli Test Career: 2020 വരെയും ടെസ്റ്റിലെ ഗോട്ട് താരങ്ങളിൽ കോലിയും, 20ന് ശേഷം കരിയറിൽ തകർച്ച, കോലി വിരമിക്കുന്നത് ആവറേജ് ടെസ്റ്റ് സ്റ്റാറ്റസുമായി
ലോക ക്രിക്കറ്റിലെ ഫാബുലസ് ഫോറായി വിശേഷിപ്പിക്കുന്നത് വിരാട് കോലി,സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നീ താരങ്ങളെയാണ്. ഏകദേശം ഒരേസമയത്ത് ക്രിക്കറ്റില്‍ ഉദിച്ചുയരുകയും പിന്നീട് ലോകക്രിക്കറ്റിലെ തന്നെ പ്രധാനതാരങ്ങളായി മാറിയവരുമായിരുന്നു ഈ താരങ്ങള്‍. ഏകദിന ക്രിക്കറ്റില്‍ കോലി മറ്റാര്‍ക്കും എത്തിപിടിക്കാത്ത ഉയരത്തില്‍ പറന്നപ്പോള്‍ ടെസ്റ്റിലെ ഇഞ്ചോടിഞ്ച് മത്സരമായിരുന്നു 4 താരങ്ങളും തമ്മിലുണ്ടായിരുന്നത്. ഈ മത്സരത്തില്‍ 2020 വരെയും സജീവമായിരുന്നു വിരാട് കോലി. സ്റ്റീവ് സ്മിത്ത് മാത്രമായിരുന്നു ഈ സമയത്ത് ടെസ്റ്റില്‍ കോലിയേക്കാള്‍ മികച്ച് നിന്നിരുന്ന ഏക താരം.
2014 മിതല്‍ 2019 വരെയുള്ള കാലഘട്ടമായിരുന്നു കോലിയുടെ സുവര്‍ണ കാലഘട്ടം. ഈ കാലയളവില്‍ 58.71 ശരാശരിയില്‍ 5,695 റണ്‍സാണ് കോലി അടിച്ചെടുത്തത്. 2014-15ല്‍ ഓസ്‌ട്രേലിയ സീരീസില്‍ 4 സെഞ്ചുറികളടക്കം 692 റണ്‍സ്. 2016ല്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇരട്ടസെഞ്ചുറി, 2018ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നേടിയ 593 റണ്‍സ് എന്നിങ്ങനെ ഈ സമയത്ത് ശക്തമായ പ്രകടനങ്ങളാണ് കോലി നടത്തിയത്. കോലിയുടെ നായകത്വത്തിന് കീഴില്‍ താരതമ്യേന കരുത്തരല്ലാത്ത ബൗളിംഗ് നിരയുമായി വിദേശങ്ങളില്‍ ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യ ജയിക്കുന്നതും ഈ സമയത്താണ്. ഇന്ത്യയെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിക്കാനും ഈ കാലയളവില്‍ കോലിയ്ക്ക് സാധിച്ചു. എന്നാല്‍ 2020 ഓടെ കോലിയുടെ ഈ സുവര്‍ണ കാലഘട്ടം അവസാനിച്ചു. പിന്നീട് ഗോട്ട് ഡിബേറ്റില്‍ കോലിയ്‌ക്കൊപ്പമുള്ള താരങ്ങള്‍ കോലിയെ പിന്തള്ളുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്.
2020-2024 വരെയുള്ള കാലഘട്ടം ടെസ്റ്റിലെ കോലിയുടെ പതനത്തെ അടയാളപ്പെടുത്തിയ കാലയളവായിരുന്നു. ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തുകളില്‍ സ്ഥിരമായി എഡ്ജ് ചെയ്ത് പുറത്താകുന്ന കോലിയുടെ ചിത്രം പതിവായി മാറിയത് ഈ കാലയലവിലാണ്. 2020ല്‍ ന്യൂസിലന്‍ഡ് ടൂറില്‍ 2 ടെസ്റ്റുകളില്‍ നിന്നും 38 റണ്‍സ് മാത്രമാണ് കോലി നേടിയത്. 2020-21ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ 74 റണ്‍സുമായി കോലി നല്ല രീതിയില്‍ തുടങ്ങിയെങ്കിലും മകന്റെ ജനനത്തെ തുടര്‍ന്ന് ഈ സമയത്ത് കോലി ക്രിക്കറ്റില്‍ നിന്നും ബ്രെയ്‌ക്കെടുത്തു. 2023ലാണ് നീണ്ട 1205 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കോലി ഒരു ടെസ്റ്റ് സെഞ്ചുറി പിന്നീട് സ്വന്തമാക്കുന്നത്. 2024ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഒരു സെഞ്ചുറി നേടിയെങ്കിലും 5 ടെസ്റ്റ് മത്സരങ്ങളില്‍ 200ന് താഴെ റണ്‍സ് നേടാനാണ് കോലിയ്ക്ക് സാധിച്ചത്. കരിയര്‍ അവസാനിക്കുമ്പോള്‍ 123 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 26.85 ശരാശരിയില്‍ 9230 റണ്‍സാണ് കോലി നേടിയത്. 30 സെഞ്ചുറികള്‍ ടെസ്റ്റില്‍ നേടാനും കോലിയ്ക്ക് സാധിച്ചു. എന്നാല്‍ കരിയര്‍ അവസാനിക്കുമ്പോള്‍ ടെസ്റ്റിലെ ഒരു ഗോട്ട് ബാറ്റര്‍ എന്ന നേട്ടം സ്വന്തമാക്കാനാവതെയാണ് കോലി പാഡഴിക്കുന്നത്.