India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

അഭിറാം മനോഹർ

തിങ്കള്‍, 23 ജൂണ്‍ 2025 (14:11 IST)
Bumrah
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള  ആദ്യ ടെസ്റ്റ് മത്സരത്തില്‍ ശക്തമായ പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവെയ്ക്കുന്നത്. ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ 471 റണ്‍സ് നേടിയപ്പോള്‍ 465 റണ്‍സാണ് മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് നേടിയത്. അഞ്ച് വിക്കറ്റുമായി ജസ്പ്രീത് ബുമ്രയും 3 വിക്കറ്റുകളുമായി പ്രസിദ്ധ് കൃഷ്ണയുമായിരുന്നു ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ ഇംഗ്ലണ്ട് ബാറ്റര്‍മാരായ ബെന്‍ ഡെക്കറ്റ്, ഒലി പോപ്പ്, ഹാരി ബ്രൂക്ക് എന്നിവരെ ചെറിയ സ്‌കോറില്‍ നില്‍ക്കെ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ടതാണ് മത്സരത്തില്‍ നിര്‍ണായകമായത്. ജസ്പ്രീത് ബുമ്ര എറിഞ്ഞ പന്തുകളിലായിരുന്നു ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ക്യാച്ച് അവസരങ്ങള്‍ കളഞ്ഞുകുളിച്ചത്.
 
 മത്സരശേഷം ഇതിനെ പറ്റി പ്രതികരിക്കവെ ഇന്ത്യന്‍ ഫീല്‍ഡര്‍മാരെ കുറ്റം പറയാന്‍ ബുമ്ര തയ്യാറായില്ല. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കം ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ കഴിവ് കേടിനെ പരോക്ഷമായി വിമര്‍ശിച്ചെങ്കിലും വ്യത്യസ്തമായിരുന്നു ബുമ്ര നടത്തിയ പ്രതികരണം. നഷ്ടമായ അവസരത്തെ ഓര്‍ഠ് ഒരു നിമിഷം പോലും വിഷമിച്ച് നില്‍ക്കേണ്ടതില്ല. മത്സരം കഴിഞ്ഞ് അതോര്‍ത്ത് കരയാനാകില്ല. ഞാന്‍ എപ്പോഴും ഇത്തരം കാര്യങ്ങള്‍ അങ്ങനെ വിടുകയാണ് ചെയ്യാറുള്ളത്. ഇവിടെ പന്ത് കാണുന്നത് പോലും ബുദ്ധിമുട്ടാണ്. പലരും പുതുമുഖങ്ങളാണ്. ആരും ക്യാച്ച് മനപൂര്‍വം വിട്ടുകളയില്ലല്ലോ. ഇതെല്ലാം കളിയുടെ ഭാഗമാണ്. അവര്‍ ഇതില്‍ നിന്നും പഠിക്കും. കൂടുതല്‍ സമ്മര്‍ദ്ദം അവരില്‍ ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബുമ്ര പറഞ്ഞു.
 
മത്സരത്തില്‍ ബുമ്രയുടെ ബൗളിങ്ങില്‍ 3 ക്യാച്ചുകളാണ് യശ്വസി ജയ്‌സ്വാള്‍ കൈവിട്ടത്. ആദ്യം ബെന്‍ ഡെക്കറ്റിനെയും പിന്നീട് ഒലി പോപ്പിനെയും ഹാരി ബ്രൂക്കിനെയും ജയ്‌സ്വാള്‍ കൈവിട്ടു. ബുമ്രയുടെ ഓവറില്‍ ബെന്‍ ഡെക്കറ്റിന്റെ ക്യാച്ച് അവസരം രവീന്ദ്ര ജഡേജയും കൈവിട്ടിരുന്നു. ഇത് കൂടാതെ ഹാരി ബ്രൂക്കിനെ പുറത്താക്കിയ ഒരു പന്ത് നോബോളാവുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍