വിരാട് കോലിയുടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ വാര്‍ത്ത ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു ഷോക്കിംഗ് വാര്‍ത്തയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിനെ തന്നെ പുതുക്കിയെഴുതിയ കോലി എന്ന നായകനെ ടെസ്റ്റ് ക്രിക്കറ്റിന്റെ അംബാസഡറായാണ് പലപ്പോഴും മുന്‍ ക്രിക്കറ്റ് താരങ്ങള്‍ അടക്കം വിശേഷിപ്പിച്ചത്. ടെസ്റ്റ് ഫോര്‍മാറ്റിന് കോലി നല്‍കിയ പ്രാധാന്യവും ഇന്ത്യയെ ടെസ്റ്റ് ക്രിക്കറ്റിലെ പ്രധാനശക്തിയാക്കി മാറ്റിയതുമായിരുന്നു ഇതിന് കാരണം. 68 ടെസ്റ്റുകളില്‍ നായകനായി 40 വിജയങ്ങളുമായി ഇന്ത്യയില്‍ ഏറ്റവും വിജയശതമാനമുള്ള ടെസ്റ്റ് നായകന്‍ എന്ന നേട്ടം സ്വന്തമാക്കിയാണ് കോലി തന്റെ മികവറിയിച്ചത്. ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവിടങ്ങളില്‍ ഇന്ത്യ നേടിയ ചരിത്ര വിജയങ്ങള്‍ കോലിയുടെ നായകത്വത്തിന് കീഴിലായിരുന്നു.
ശരാശരിക്കാരായ ബൗളര്‍മാരെ ഉപയോഗിച്ച് ഏത് ബാറ്റിംഗ് നിരയേയും വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ള ബൗളിംഗ് യൂണിറ്റാക്കി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിപ്പിച്ചത് കോലിയായിരുന്നു. ബുമ്രയ്‌ക്കൊപ്പം മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരെല്ലാം പല ബാറ്റിംഗ് നിരകളെയും വിറപ്പിച്ചു. ടെസ്റ്റ് ഫോര്‍മാറ്റിനെ വിരസമാക്കുന്ന സമനിലകള്‍ ഇഷ്ടപ്പെടുന്ന നായകനായിരുന്നില്ല കോലി. അതിനാല്‍ തന്നെ വിജയത്തിനായി റിസ്‌കുകള്‍ എടുക്കുന്ന കോലിയുടെ രീതിയാണ് ടെസ്റ്റിനെ കാണികള്‍ക്കിടയില്‍ വീണ്ടും സ്വീകാര്യത ഉണ്ടാക്കിയത്. ഇതാണ് പല താരങ്ങളും കോലിയെ ടെസ്റ്റ് ക്രിക്കറ്റിന്റെ അംബാസഡര്‍ എന്ന് വിശേഷിപ്പിക്കാന്‍ കാരണമായത്. ടെസ്റ്റ് ക്രിക്കറ്റില്‍ 9230 റണ്‍സും 30 സെഞ്ചുറികളും നേടിയാണ് കോലി തന്റെ കരിയര്‍ അവസാനിപ്പിക്കുന്നത്. ഇതോടൊപ്പം പല റെക്കോര്‍ഡുകളും കോലി ടെസ്റ്റ് ഫോര്‍മാറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.
ടെസ്റ്റില്‍ 7 ഡബിള്‍ സെഞ്ച്വറികളുമായി ഏറ്റവുമധികം ഡബിള്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് കോലി. തുടര്‍ച്ചയായ നാല് ടെസ്റ്റ് സീരീസുകളില്‍ കോലി ഡബിള്‍ സെഞ്ചുറി കണ്ടെത്തിയിട്ടുണ്ട്. ടെസ്റ്റില്‍ മറ്റൊരു ബാറ്റര്‍ക്കും സ്വന്തമാക്കാന്‍ സാധിക്കാത്ത റെക്കോര്‍ഡാണിത്. 2019ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ പുനെയില്‍ വെച്ചായിരുന്നു കോലിയുടെ അവസാന ഡബിള്‍ സെഞ്ചുറി. 2020ന് ശേഷം കരിയറില്‍ ഡിപ്പ് വന്നതോടെയാണ് ടെസ്റ്റ് ഫോര്‍മാറ്റില്‍ ഗോട്ട് സ്റ്റാറ്റസില്‍ നിന്നും കോലി പുറത്തായത്. എങ്കിലും മികച്ച ഫിറ്റ്‌നസുള്ള കോലിയ്ക്ക് ടെസ്റ്റില്‍ ഇനിയും 3-4 വര്‍ഷത്തെ കരിയര്‍ ബാക്കിയുണ്ടെന്നാണ് ആരാധകര്‍ കരുതുന്നത്. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന കോലി ഇംഗ്ലണ്ടില്‍ കളിച്ചിരുന്നെങ്കില്‍ ടെസ്റ്റിലും മികച്ച തിരിച്ചുവരവ് നടത്തുമായിരുന്നുവെന്ന് പ്രതീക്ഷിക്കുന്നവരും ഏറെയാണ്,