Shubman Gill: ക്യാപ്റ്റനാകാനില്ലെന്ന് ബുംറ, ഗില്‍ ഉറപ്പിച്ചു; ഇംഗ്ലണ്ടില്‍ കോലി കളിക്കും

രേണുക വേണു

തിങ്കള്‍, 12 മെയ് 2025 (07:40 IST)
Shubman Gill

Shubman Gill: ഇന്ത്യന്‍ ടെസ്റ്റ് ടീം നായകസ്ഥാനം ഉറപ്പിച്ച് ശുഭ്മാന്‍ ഗില്‍. രോഹിത് ശര്‍മയുടെ വിരമിക്കലിനെ തുടര്‍ന്ന് പുതിയ നായകനെ തിരഞ്ഞെടുക്കാന്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തില്‍ അടുത്തയാഴ്ച യോഗം ചേരും. അതിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. 
 
ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തിലും അവസാന മത്സരത്തിലും രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചത് ജസ്പ്രിത് ബുംറയാണ്. രോഹിത് വിരമിക്കുമ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ നയിക്കാന്‍ ബുംറയ്ക്കു അവസരം ലഭിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ടെസ്റ്റ് നായകസ്ഥാനം വഹിക്കാന്‍ താല്‍പര്യമില്ലെന്ന് ബുംറ സെലക്ടര്‍മാരെ അറിയിച്ചെന്നാണ് സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജോലിഭാരത്തെ തുടര്‍ന്നാണ് ടെസ്റ്റ് ക്യാപ്റ്റന്‍സിയോടു ബുംറ നോ പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
ബുംറയ്‌ക്കൊപ്പം നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ശുഭ്മാന്‍ ഗില്ലിനു ഇതോടെ സാധ്യത വര്‍ധിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഗില്ലിനുള്ള ആദ്യ അവസരമായിരിക്കും. ഈ പരമ്പരയിലെ ക്യാപ്റ്റന്‍സി പെര്‍ഫോമന്‍സ് പരിഗണിച്ചായിരിക്കും സ്ഥിരം നായകസ്ഥാനം നല്‍കുക. നിലവില്‍ ഇന്ത്യയുടെ ഏകദിന, ട്വന്റി 20 ടീമുകളുടെ ഉപനായകനാണ് ഗില്‍. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ഗില്ലിനൊപ്പം ടെസ്റ്റ് നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. എന്നാല്‍ സ്ഥിരതയില്ലാത്ത പ്രകടനത്തിന്റെ പേരില്‍ പഴികേള്‍ക്കുന്ന പന്തിനു ക്യാപ്റ്റന്‍സി കൂടി നല്‍കിയാല്‍ വന്‍ പരാജയമാകുമോ എന്നാണ് സെലക്ടര്‍മാര്‍ ആശങ്കപ്പെടുന്നത്. 
 
രോഹിത്തിനു പിന്നാലെ ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ വിരാട് കോലിയും തീരുമാനിച്ചെങ്കിലും ടീമിന്റെ പൊതുതാല്‍പര്യം കണക്കിലെടുത്ത് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിച്ചേക്കും. ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കോലി ടെസ്റ്റ് ഭാവിയെ കുറിച്ച് അന്തിമ തീരുമാനമെടുക്കുക. 
 
ഇംഗ്ലണ്ടിനെതിരാ ടെസ്റ്റ് പരമ്പര, ഇന്ത്യയുടെ സാധ്യത സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി / സായ് സുദര്‍ശന്‍, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത്, സര്‍ഫ്രാസ് ഖാന്‍, കരുണ്‍ നായര്‍, ധ്രുവ് ജുറല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, ആകാശ് ദീപ് 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍