Kerala Cricket league: കേരള ക്രിക്കറ്റ് ലീഗ് ഇത്തവണ കൊഴുക്കും, ലേലപട്ടികയിൽ സഞ്ജുവും ജലജ് സക്സേനയും

അഭിറാം മനോഹർ

ചൊവ്വ, 24 ജൂണ്‍ 2025 (18:20 IST)
ഐപിഎല്‍ മാതൃകയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് ടി20 ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷന്‍ ഓഗസ്റ്റ് 21 മുതല്‍. ആദ്യ സീസണില്‍ കളിക്കാതിരുന്ന മലയാളി താരമായ സഞ്ജു സാംസണ്‍ ഇത്തവണ കെസിഎല്ലില്‍ ഭാഗമാകും. സെപ്റ്റംബര്‍ 7 വരെ തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. സഞ്ജു സാംസണ്‍ കളിക്കാനെത്തുന്നതോടെ ലീഗിന്റെ താരമൂല്യവും ജനപ്രീതിയും വര്‍ധിക്കുമെന്നാണ് സംഘാടകര്‍ കണക്കാക്കുന്നത്.
 
മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ലൈവായി സംപ്രേക്ഷണം ചെയ്യും. ഒരു സ്വകാര്യ മലയാള ചാനലിലും മത്സരങ്ങള്‍ ലഭ്യമാകും. ഇതിന് പുറമെ ഒടിടിയിലും പ്രേക്ഷകര്‍ക്ക് മത്സരം കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ തവണയുണ്ടായിരുന്ന ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, തൃശൂര്‍ ടൈറ്റന്‍സ്, കൊച്ചി ബ്ലു ടൈഗേഴ്‌സ്,ആലപ്പി റിപ്പിള്‍സ് എന്നീ ടീമുകളാകും രണ്ടാം എഡിഷനില്‍ ഏറ്റുമുട്ടുക. സച്ചിന്‍ ബേബി നായകനായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സാണ് നിലവിലെ ജേതാക്കള്‍.
 
ജൂലായ് അഞ്ചിന് തിരുവനന്തപുരത്താണ് ഇത്തവണ താരലേലം നടക്കുന്നത്. ഓരോ ടീമിനും 16 മുതല്‍ 20 താരങ്ങളെ ഉള്‍പ്പെടുത്താം. എ, ബി, സി എന്നിങ്ങനെ മൂന്ന് കാറ്റഗറിയില്‍ താരങ്ങളെ തിരിച്ചാണ് ലേലം നടത്തുന്നത്. സഞ്ജു സാംസണ്‍, ബേസില്‍ തമ്പി,സച്ചിന്‍ ബേബി,ജലജ് സക്‌സേന, രോഹന്‍ കുന്നുമ്മേല്‍ തുടങ്ങിയവരുള്‍പ്പടെ 39 കളിക്കാരാണ് എ കാറ്റഗറിയിലുള്ളത്. ബി കാറ്റഗറിയില്‍ 42 പേരും സി കാഗറ്ററിയില്‍ 87 പേരും ലേലത്തിലുണ്ട്.
 
 എ കാറ്റഗറിയിലെ താരങ്ങള്‍ക്ക് അടിസ്ഥാന വില 3 ലക്ഷം രൂപയും ബി വിഭാഗത്തില്‍ 1.5 ലക്ഷം രൂപയും സി വിഭാഗത്തിന് 75.000 രൂപയുമാകും പ്രതിഫലം. ഒരു ടീമിന് കളിക്കാര്‍ക്കായി 50 ലക്ഷം രൂപ വരെ ചിലവഴിക്കാം.നിലവിലുള്ള നാല് താരങ്ങളെ ടീമുകള്‍ക്ക് നിലനിര്‍ത്താനാകും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍