ബുമ്രയ്ക്ക് കൊടുക്കുന്ന ശ്രദ്ധ സിറാജിനും നൽകണം, ജോലിഭാരം നിയന്ത്രിക്കണം, മുന്നറിയിപ്പുമായി ആർ പി സിങ്
ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കായി മുഹമ്മദ് സിറാജ് അഞ്ച് മത്സരങ്ങളിലും ബൗള്‍ ചെയ്തതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ വര്‍ക്ക് ലോഡിനെ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്. വിശ്രമം നല്‍കുന്നത് സമ്മതിക്കാമെങ്കിലും പരമ്പരയ്ക്കിടെ താരങ്ങളെ പലപ്പോഴായി കളിപ്പിക്കാതെ ഇരിക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് പല മുന്‍താരങ്ങളും അഭിപ്രായപ്പെടുന്നത്. മുഹമ്മദ് സിറാജിനെ ഇന്ത്യന്‍ താരങ്ങള്‍ മാതൃകയാക്കണമെന്നും ഗവാസ്‌കര്‍ അടക്കമുള്ളവര്‍ പറയുമ്പോള്‍ ജസ്പ്രീത് ബുമ്രയെ പോലെ ഇന്ത്യ സിറാജിന്റെ ജോലിഭാരവും നിയന്ത്രിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ പേസറായ ആര്‍ പി സിങ് വ്യക്തമാക്കുന്നത്.
പരമ്പരയില്‍ ഇന്ത്യയ്ക്കായി 185.3 ഓവറുകള്‍ എറിഞ്ഞ മുഹമ്മദ് സിറാജ് 23 വിക്കറ്റുകളുമായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ താരമായിരുന്നു. സിറാജിന് പരിക്കേല്‍ക്കുന്നത് തടയാന്‍ താരത്തിന്റെ ജോലിഭാരം നിയന്ത്രിക്കണമെന്നാണ് ആര്‍ പി സിങ് വ്യക്തമാക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഒരുപാട് മത്സരങ്ങളില്‍ കളിക്കുന്നത് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത ഉയര്‍ത്തുമെന്ന് ബുമ്രയുടെ കാര്യത്തില്‍ ചെയ്തത് പോലെ സിറാജിന്റെയും ജോലിഭാരവും നിയന്ത്രിക്കണമെന്നാണ് ആര്‍പി സിങ് ആവശ്യപ്പെടുന്നത്.
ബുമ്ര ഏകദിന, ടി20 ലോകകപ്പുകളില്‍ ഉജ്ജ്വലമായാണ് പന്തെറിഞ്ഞത്. സിറാജും അതേ നിലവാരത്തിലുള്ള കളിക്കാരനാണ്. അദ്ദേഹത്തെയും പരിക്കുകളില്‍ നിന്നും സംരക്ഷിക്കണം. അതിനായി അദ്ദേഹത്തിന്റെ വര്‍ക്ക് ലോഡില്‍ ശ്രദ്ധ നല്‍കണം. ആര്‍പി സിങ് പറഞ്ഞു.