Shubman Gill: 'അത്ര ഈസിയായി ജയിക്കണ്ട'; സിറാജ് ബ്രൂക്കിന്റെ ക്യാച്ച് വിട്ടതില്‍ ഗില്ലിന്റെ രസികന്‍ പ്രതികരണം

രേണുക വേണു

ചൊവ്വ, 5 ഓഗസ്റ്റ് 2025 (09:07 IST)
Shubman Gill: ഓവല്‍ ടെസ്റ്റില്‍ ആറ് റണ്‍സിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ പരമ്പര 2-2 സമനിലയിലാക്കി. രണ്ട് ഇന്നിങ്‌സിലുമായി ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മദ് സിറാജാണ് ഇന്ത്യയുടെ വിജയശില്‍പ്പി. 
 
അതേസമയം നിര്‍ണായക സമയത്ത് സിറാജ് കൈവിട്ട ബ്രൂക്കിന്റെ ക്യാച്ചാണ് മത്സരത്തിനൊരു ത്രില്ലര്‍ സ്വഭാവം ലഭിക്കാന്‍ കാരണം. അല്ലാത്തപക്ഷം ഇന്ത്യ നേരത്തെ ജയിക്കുമായിരുന്നു. ബ്രൂക്കിന്റെ ക്യാച്ച് കൈവിട്ടതില്‍ സിറാജിനും വിഷമമുണ്ടായിരുന്നു. മത്സരശേഷം ഇതിനെ കുറിച്ച് സിറാജും ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലും പ്രതികരിച്ചു. 


നാലാം ദിനം ബ്രൂക്ക് 19 റണ്‍സില്‍ നില്‍ക്കെയാണ് ബൗണ്ടറി ലൈനിനു തൊട്ടരികെ സിറാജ് നിര്‍ണായകമായ ക്യാച്ച് കൈവിട്ടത്. പന്ത് കൈപിടിയിലൊതുക്കിയെങ്കിലും ബൗണ്ടറി റോപ്പില്‍ സിറാജിന്റെ കാല്‍ തട്ടുകയായിരുന്നു. 
 
' ബ്രൂക്ക് ഒരു അസാധാരണ കളിക്കാരനാണ്. അതുകൊണ്ട് തന്നെ ആ ക്യാച്ച് ഒരു ഗെയിം-ചെയ്ഞ്ചിങ് മൊമന്റ് ആയിരുന്നു. നന്നായി ആക്രമിച്ചു കളിക്കുന്ന ബാറ്ററാണ് അദ്ദേഹം. ഞാന്‍ ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ മത്സരഫലം ഇങ്ങനെ ആകുമായിരുന്നില്ല. ഞാനൊരു മുതിര്‍ന്ന ബൗളറാണ്, ഞാന്‍ എന്റെ തോളുകള്‍ കുനിക്കില്ല. സംഭവിക്കാനുള്ള സംഭവിച്ചു, ഇതെല്ലാം കളിയുടെ ഭാഗമാണെന്ന് ഞാന്‍ മനസില്‍ ഉറപ്പിച്ചു,' സിറാജ് പറഞ്ഞു. 
 
ഈ സമയത്ത് സിറാജിന്റെ സംസാരം പൂര്‍ത്തിയാകുമ്പോഴേക്കും ഗില്‍ ഇടപെട്ടു. ' ആ ക്യാച്ച് സിറാജ് എടുത്തിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് കളി ജയിക്കുന്നത് വളരെ ഈസിയായേനെ. ആ ക്യാച്ച് വിട്ടതുകൊണ്ട് വളരെ മികച്ച കളി കാണാന്‍ സാധിച്ചില്ലേ,' സിറാജിനെ പിന്തുണച്ച് ഗില്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍