Shubman Gill: സുവർണാവസരം പാഴായി, ഗവാസ്കറെയും ബ്രാഡ്മാനെയും മറികടക്കാനുള്ള അവസരം നഷ്ടപ്പെടുത്തി ഗിൽ

അഭിറാം മനോഹർ

ഞായര്‍, 3 ഓഗസ്റ്റ് 2025 (16:57 IST)
ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന ഇന്ത്യന്‍ റെക്കോര്‍ഡ് നേട്ടം മറികടക്കാനാവാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്ങ്‌സില്‍ 11 റണ്‍സിന് പുറത്തായതോടെ പരമ്പരയിലാകെ 754 റണ്‍സാണ് ഗില്‍ നേടിയത്. 1971ല്‍ വെസ്റ്റിന്‍ഡീസിനെതിരെ 774 റണ്‍സ് നേടിയ സുനില്‍ ഗവാസ്‌കറുടെ റെക്കോര്‍ഡ് മറികടക്കാനുള്ള അവസരമാണ് 20 റണ്‍സകലെ ഗില്‍ കൈവിട്ടത്. 
 
1978-79ല്‍  വെസ്റ്റിന്‍ഡീസിനെതിരെ 732 റണ്‍സ് നേട്ടവും സ്വന്തമാക്കിയിട്ടുള്ള സുനില്‍ ഗവാസ്‌കര്‍ തന്നെയാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ളത്. 2024ല്‍ ഇംഗ്ലണ്ടിനെതിരെ 712 റണ്‍സ് നേടിയ യശ്വസി ജയ്‌സ്വാള്‍ ലിസ്റ്റില്‍ നാലാം സ്ഥാനത്താണ്. അതേസമയം ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡ് നേട്ടം ഗില്‍ സ്വന്തമാക്കി. സുനില്‍ ഗവാസ്‌കറുടെ 732 റണ്‍സിനെയാണ് ഗില്‍ പിന്തള്ളിയത്.
 
 പരമ്പരയിലെ ആദ്യ 2 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 550+ റണ്‍സ് സ്വന്തമാക്കിയിരുന്ന ശുഭ്മാന്‍ ഗില്‍ ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി 1000 റണ്‍സ് തികയ്ക്കുന്ന ബാറ്ററായി മാറുമെന്ന് പല ആരാധകരും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ അതിന് ശേഷമുള്ള മത്സരങ്ങളില്‍ ഒരു സെഞ്ചുറി പ്രകടനം നടത്താന്‍ മാത്രമെ ഗില്ലിന് സാധിച്ചുള്ളു. ഇതോടെയാണ് കൈയകലെയുണ്ടായിരുന്ന ഡോണ്‍ ബ്രാഡ്മാന്റെ 810 റണ്‍സ് റെക്കോര്‍ഡ് നേട്ടവും സുനില്‍ ഗവാസ്‌കറുടെ റെക്കോര്‍ഡ് നേട്ടവും ഗില്ലിന് നഷ്ടമായത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍