ഓവല്‍ ടെസ്റ്റില്‍ ഇന്ത്യ ആറ് റണ്‍സിനാണ് ജയിച്ചത്. നാല് വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ 35 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിനു വേണ്ടിയിരുന്നത്. എന്നാല്‍ അഞ്ചാം ദിനമായ ഇന്ന് 28 റണ്‍സിനിടെ ഇംഗ്ലണ്ടിന്റെ ശേഷിക്കുന്ന നാല് വിക്കറ്റുകളും നഷ്ടമായി. ഇതിലെ മൂന്ന് വിക്കറ്റുകളടക്കം ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ സിറാജാണ് കളിയിലെ താരം. മത്സരശേഷം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോഴാണ് നാലാം ദിനത്തില്‍ താന്‍ കൈവിട്ട ക്യാച്ചിനെ കുറിച്ച് സിറാജ് പ്രതികരിച്ചത്.
' സത്യസന്ധമായി പറഞ്ഞാല്‍, ഞാന്‍ വല്ലാത്തൊരു ഞെട്ടലിലാണ്. ഒന്നാം ദിനം മുതല്‍ ഞങ്ങള്‍ പോരാടാന്‍ തീരുമാനിച്ചു. ഇന്ന് രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു, 'എനിക്ക് സാധിക്കും' എന്ന്. അങ്ങനെ എഴുതിയ ഒരു ചിത്രം ഗൂഗിളില്‍ നിന്നെടുത്ത് ഫോണില്‍ വാള്‍പേപ്പറാക്കി. ഇന്നലെ ബ്രൂക്കിന്റെ ക്യാച്ച് ഞാന്‍ എടുത്തിരുന്നെങ്കില്‍ ഇന്ന് കളിക്കാന്‍ ഇറങ്ങേണ്ടിവരില്ലായിരുന്നു. എനിക്ക് ഹൃദയം തകരുന്നത് പോലെയായിരുന്നു ആ ക്യാച്ച് നഷ്ടമാക്കിയത്,' സിറാജ് പറഞ്ഞു.