India vs England: നിങ്ങളെന്തിനാണ് ഇങ്ങനെ സൗഹൃദം കാണിക്കുന്നതെന്ന് മക്കല്ലം ചോദിച്ചു, മൂന്നാം ദിവസം നടന്ന സംഭവമാണ് കളി മാറ്റിയത്: ഹാരി ബ്രൂക്ക്

അഭിറാം മനോഹർ

ചൊവ്വ, 22 ജൂലൈ 2025 (20:07 IST)
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു ലോര്‍ഡ്‌സില്‍ നടന്ന പരമ്പരയിലെ മൂന്നാമത്തെ മത്സരം. ആദ്യ ഇന്നിങ്ങ്‌സില്‍ ഇരുടീമുകളും ഒരേ സ്‌കോറില്‍ പുറത്തായപ്പോള്‍ മൂന്നാം ദിവസം അവസാന 2 ഓവറുകളാണ് ഇംഗ്ലണ്ടിന് ബാറ്റിംഗിനായി ലഭിച്ചത്. വിക്കറ്റ് നഷ്ടപ്പെടുത്താതെ കളി അടുത്ത ദിവസത്തിലേക്ക് കൊണ്ടുപോകാനായി കളി വൈകിപ്പിക്കാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ഒന്നടങ്കം ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ക്ക് നേരെ ചീറിയടുത്തത് മത്സരത്തിലെ ആവേശകരമായ നിമിഷമായിരുന്നു.
 
മത്സരത്തില്‍ 22 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടെങ്കിലും മത്സരത്തില്‍ അവസാന നിമിഷം വരെ വിജയത്തിന് വേണ്ടി പോരാടിയ ശേഷമായിരുന്നു ഇന്ത്യ പരാജയം സമ്മതിച്ചത്. ഇപ്പോഴിതാ മത്സരത്തിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ബാറ്ററായ ഹാരി ബ്രൂക്ക്. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിന്റെ അവസാന സെഷനില്‍ ഉണ്ടായ സംഭവങ്ങളാണ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ തിരികെകൊണ്ടുവന്നതെന്നാണ് ഹാരി ബ്രൂക്കും വ്യക്തമാക്കുന്നത്. മത്സരത്തില്‍ എന്തിനാണ് നിങ്ങള്‍ ഇന്ത്യന്‍ താരങ്ങളോട് ഇങ്ങനെ സൗഹാര്‍ദ്ദപരമായി പെരുമാറുന്നത് എന്നാണ് കോച്ച് മക്കല്ലം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പെ ഞങ്ങളോട് ചോദിച്ചത്. മൂന്നാം ദിനത്തിലെ അവസാന സെഷനിലുണ്ടായ സംഭവങ്ങള്‍ ഞങ്ങളെ ചാര്‍ജ് ചെയ്തു.
 
 
നാലാം ദിവസം കിട്ടിയത് തിരിച്ചുകൊടുക്കാനുള്ള അവസരം ഞങ്ങള്‍ക്ക് ലഭിച്ചു. അതാണ് ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഗതി നിര്‍ണയിച്ചത്. ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി കൂട്ടത്തകര്‍ച്ചയിലേക്ക് വിടാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഈ പരമ്പരയിലെ ഓരോ മത്സരവും അവസാനിച്ചത് അവസാന ദിനത്തിന്റെ അവസാന സെഷനിലാണ്. അത് ഇരുടീമുകളും പുറത്തെടുത്ത പോരാട്ടവീര്യത്തിന് തെളിവാണ്. ഹാരി ബ്രൂക്ക് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍