നാലാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യയെ വലച്ച് പരിക്ക്, അർഷദീപിന് പിന്നാലെ മറ്റൊരു പേസർക്കും പരിക്ക്

അഭിറാം മനോഹർ

ഞായര്‍, 20 ജൂലൈ 2025 (09:15 IST)
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി താരങ്ങളുടെ പരിക്ക്. നാലാം ടെസ്റ്റിന് മുന്നോടിയായി നടന്ന പരിശീലന സെഷനിടെ പേസര്‍ അര്‍ഷദീപ് സിങ്ങിന് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. സായ് സുദര്‍ശന്‍ അടിച്ച ഷോട്ട് തടുക്കാന്‍ ശ്രമിക്കവെയാണ് അര്‍ഷദീപിന്റെ കൈയ്ക്ക് പരിക്കേറ്റത്. ഇപ്പോഴിതാ ടീമിലെ പ്രധാനപേസര്‍മാരില്‍ ഒരാളായ ആകാശ് ദീപിനും പരിശീലനത്തിനിടെ പരിക്കേറ്റെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
 
 അര്‍ഷദീപിന്റെ കൈയില്‍ പരിക്ക് മൂലം തുന്നലിടേണ്ടി വന്ന സാഹചര്യമാണുള്ളത്. അഞ്ചാം ടെസ്റ്റിന് മുന്‍പായി താരം പരിക്ക് മാറി തിരിച്ചെത്തുമെന്നാണ് ടീം മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. അതേസമയം ആകാശ് ദീപിന്റെ തുടയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പരിശീലന സെഷനില്‍ താരം പന്തെറിഞ്ഞിരുന്നില്ല. അര്‍ഷദീപ് നാലാം ടെസ്റ്റില്‍ കളിക്കില്ല എന്നുറപ്പായ സ്ഥിതിക്ക് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നതാണ് ആകാശ് ദീപിന്റെ പരിക്ക്. ഇത് ഇന്ത്യന്‍ പദ്ധതികളെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്.
 
ആകാശ് ദീപിനും അര്‍ഷദീപിനും കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ടൂര്‍ണമെന്റില്‍ മോശം പ്രകടനം നടത്തിയ പ്രസിദ്ധ് കൃഷ്ണയെ കളിപ്പിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാകും. കുല്‍ദീപ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യങ്ങള്‍ ആരാധകരില്‍ നിന്നും വരുന്നുണ്ടെങ്കിലും ഗംഭീറിന്റെ പദ്ധതികളില്‍ കുല്‍ദീപ് ഭാഗമല്ലെന്നാണ് സൂചനകള്‍. അതേസമയം കഴിഞ്ഞ മത്സരത്തില്‍ കൈവിരലിന് പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. റിഷഭ് പന്തിന് കീപ്പിംഗ് ചെയ്യാനാകില്ലെങ്കില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി താരത്തെ പരിഗണിച്ചേക്കും. അങ്ങനെയെങ്കില്‍ ടീം ബാലന്‍സ് സംരക്ഷിക്കാനായി കെ എല്‍ രാഹുലിനെ കീപ്പിംഗ് ചുമതല ഏല്‍പ്പിക്കാനും സാധ്യതയുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍