ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. 8 വര്‍ഷങ്ങള്‍ക്ക് ശേഷം സ്പിന്നര്‍ ലിയാം ഡോസന്‍ തിരിച്ചെത്തിയപ്പോള്‍ കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ സ്പിന്നര്‍ ഷോയ്ബ് ബഷീര്‍ ടീമില്‍ നിന്നും പുറത്തായി. ആദ്യ 3 ടെസ്റ്റുകളിലേതിന് സമാനമായി 3 പേസര്‍മാരും ഒരു സ്പിന്നറുമടങ്ങുന്ന കോമ്പിനേഷന്‍ തന്നെയാണ് മാഞ്ചസ്റ്ററിലും ഇംഗ്ലണ്ടിനുള്ളത്.
2017ല്‍ നോട്ടിങ്ഹാമില്‍ ദക്ഷിണാഫ്രിക്കക്കെതിരെയാണ് അവസാനമായി സ്പിന്നര്‍ ലിയാം ഡോസണ്‍ ഇംഗ്ലണ്ട് കുപ്പായത്തില്‍ കളിച്ചത്. 2016ലെ ഇന്ത്യന്‍ പര്യടനത്തില്‍ ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഡോസന്‍ ഇതുവരെ 3 ടെസ്റ്റുകളില്‍ നിന്നായി 7 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 212 മത്സരങ്ങളില്‍ നിന്ന് 371 വിക്കറ്റുകളാണ് ഡോസന്റെ പേരിലുള്ളത്. ബാറ്റിംഗില്‍ കൂടി ടീമിന് വിശ്വസിക്കാവുന്ന താരമാണ് ഡോസണ്‍. അതിനാല്‍ തന്നെ ഡോസണ്‍ ടീമിലെത്തുന്നതോടെ പതിനൊന്നാം നമ്പര്‍ വരെ ബാറ്റ് ചെയ്യാനാവുന്ന നിരയാണ് ഇംഗ്ലണ്ടിനുള്ളത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2 ടെസ്റ്റുകള്‍ വിജയിച്ച ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്.