Shubman Gill: 'ഇത് താന്‍ടാ ക്യാപ്റ്റന്‍'; നായകനായി അരങ്ങേറ്റത്തില്‍ തന്നെ കളിയിലെ താരം

രേണുക വേണു

തിങ്കള്‍, 4 ഓഗസ്റ്റ് 2025 (19:47 IST)
Shubman Gill: വിരാട് കോലിയും രോഹിത് ശര്‍മയും ഇല്ലാതെ വിദേശ പര്യടനത്തിനു ഇറങ്ങുമ്പോള്‍ ശുഭ്മാന്‍ ഗില്ലിനെ പോലൊരു യുവതാരത്തിനു കടമ്പകള്‍ ഏറെയായിരുന്നു. നായകനായുള്ള അരങ്ങേറ്റ പരമ്പരയില്‍ നാണക്കേടുമായി ഗില്ലിനു ഇന്ത്യയിലേക്ക് വിമാനം കയറേണ്ടിവരുമെന്ന് പലരും വിധിയെഴുതി. എന്നാല്‍ ആവേശം കൊടുമുടിയിലെത്തിയ അഞ്ച് ടെസ്റ്റുകളുടെ പരമ്പര പൂര്‍ത്തിയാകുമ്പോള്‍ ഗില്ലിനു തലയുയര്‍ത്തി മടങ്ങാം. 


മുതിര്‍ന്ന താരങ്ങളുടെ അഭാവത്തില്‍ ടീമിനു പുതിയൊരു കോംബിനേഷന്‍ ഉണ്ടാക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം ഗില്‍ വിജയകരമായി പൂര്‍ത്തിയാക്കി. സാക്ഷാല്‍ വിരാട് കോലിയുടെ നാലാം പൊസിഷന്‍ ഏറ്റെടുത്ത ഗില്‍ അതിനുള്ള യോഗ്യത തനിക്കുണ്ടെന്ന് കളിയിലൂടെ തെളിയിച്ചു. 


ടെസ്റ്റ് പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് ഗില്‍. അഞ്ച് ടെസ്റ്റുകളിലെ പത്ത് ഇന്നിങ്‌സുകളിലായി ഗില്‍ നേടിയത് 75.40 ശരാശരിയില്‍ 754 റണ്‍സ്. നാല് സെഞ്ചുറികളടക്കമാണിത്. രണ്ടാമനായ ജോ റൂട്ടിനു ഒന്‍പത് ഇന്നിങ്‌സുകളില്‍ 67.12 ശരാശരിയില്‍ ഉള്ളത് 537 റണ്‍സ്. രണ്ടാം സ്ഥാനക്കാരനേക്കാള്‍ 217 റണ്‍സ് കൂടുതലാണ് ഗില്ലിന്. നായകനായി അരങ്ങേറുന്ന ആദ്യ പരമ്പരയില്‍ തന്നെ പ്ലെയര്‍ ഓഫ് ദി സീരിസ് പുരസ്‌കാരവും ഗില്‍ സ്വന്തമാക്കി. 
 
ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഇംഗ്ലണ്ടില്‍ ഗില്‍ സ്വന്തമാക്കി. 1978 ല്‍ സുനില്‍ ഗവാസ്‌കര്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നേടിയ 732 റണ്‍സ് എന്ന റെക്കോര്‍ഡ് ഗില്‍ തിരുത്തുകയായിരുന്നു. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് ഓസ്ട്രേലിയയുടെ ഡോണ്‍ ബ്രാഡ്മാന്റെ പേരിലാണ്. 1936 ല്‍ കുറിച്ച 810 റണ്‍സ്. 56 റണ്‍സ് അകലെയാണ് ഗില്ലിനു ഈ റെക്കോര്‍ഡ് നഷ്ടമായത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍