സിറാജിനു അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

രേണുക വേണു

ബുധന്‍, 6 ഓഗസ്റ്റ് 2025 (18:03 IST)
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ പ്രകടനത്തെ പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സിറാജിനു അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്ന് സച്ചിന്‍ പറഞ്ഞു. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ സിറാജിന്റെ പ്രകടനം വിലയിരുത്തിയാണ് സച്ചിന്റെ പരാമര്‍ശം. 
 
' സിറാജിന്റെ പ്രകടനം അവിശ്വസനീയം, കളിയോടുള്ള സമീപനം എന്ത് മികച്ചതാണ് ! എനിക്ക് അദ്ദേഹത്തിന്റെ മനോഭാവം ഇഷ്ടമാണ്. നിങ്ങള്‍ക്കെതിരെ ഒരു ഫാസ്റ്റ് ബൗളര്‍ സ്ഥിരതയോടെ ഇങ്ങനെ നില്‍ക്കുന്നത് ഒരു ബാറ്റര്‍ക്കും ഇഷ്ടമല്ല. ആദ്യ ദിനം മുതല്‍ അവസാന ദിവസം വരെ ഇതേ മനോഭാവം തുടരാന്‍ അവനു സാധിക്കുന്നു. പരമ്പരയില്‍ ആയിരത്തിലേറെ പന്തുകള്‍ എറിഞ്ഞിട്ടും അവസാന മത്സരത്തിലെ അവസാന ദിനം പന്തെറിയുമ്പോഴും 145 കി.മീ വേഗതയില്‍ സിറാജ് എറിയുന്നതിനെ കുറിച്ച് കമന്റേറ്റര്‍മാര്‍ പോലും പറയുന്നത് കേട്ടു. ഓവല്‍ ടെസ്റ്റിന്റെ അവസാന ദിനം സിറാജ് ആരംഭിച്ചത് ശ്രദ്ധേയമായിരുന്നു. വിജയത്തില്‍ നിര്‍ണായക സ്വാധീനമാകാന്‍ അവനു എപ്പോഴും സാധിക്കുന്നു. ആവശ്യമുള്ളപ്പോഴെല്ലാം ടീമിനു വേണ്ടി ഇംപാക്ട് ഉണ്ടാക്കാന്‍ എല്ലായ്‌പ്പോഴും സിറാജിനു സാധിക്കുന്നു. പ്രകടനം വെച്ച് നോക്കുമ്പോള്‍ അര്‍ഹിക്കുന്ന അംഗീകാരം സിറാജിനു ലഭിച്ചിട്ടില്ല,' സച്ചിന്‍ പറഞ്ഞു. 
 
ഇരു ടീമുകളും എടുത്താല്‍ അഞ്ച് മത്സരങ്ങളും കളിച്ച ഏക പേസര്‍ മുഹമ്മദ് സിറാജാണ്. 1113 പന്തുകളാണ് സിറാജ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ എറിഞ്ഞത്. രണ്ടാം സ്ഥാനത്തുള്ള ബൗളറേക്കാള്‍ 361 പന്തുകള്‍ കൂടുതല്‍ എറിഞ്ഞു. 23 വിക്കറ്റുകളുമായി പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനും സിറാജ് തന്നെ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍