Rohit Sharma: ഞാന്‍ മാജിക്കുകാരനല്ല, ആളുകള്‍ ഗിഫ്റ്റഡ് പ്ലെയര്‍ എന്ന് വിളിക്കുമ്പോള്‍ എന്റെ കഠിനാദ്ധ്വാനം ആരും കാണാതെ പോകുന്നു: രോഹിത് ശര്‍മ

അഭിറാം മനോഹർ

ചൊവ്വ, 13 മെയ് 2025 (15:07 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് പിന്നാലെ തന്റെ ക്രിക്കറ്റ് യാത്രയെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി രോഹിത് ശര്‍മ. മുതിര്‍ന്ന സ്‌പോര്‍ട്‌സ് ലേഖകനായ വിമല്‍ കുമാറിന് നല്‍കിയ അഭിമുഖത്തിലാണ് രോഹിത് മനസ്സ് തുറന്നത്. ആളുകള്‍ ഗിഫ്റ്റഡ് പ്ലെയറെന്ന് വിശേഷിപ്പിക്കുമ്പോള്‍ താന്‍ നടത്തുന്ന അദ്ധ്വാനങ്ങള്‍ ആരും കാണാതെ പോവുകയാണെന്നും രോഹിത് പറഞ്ഞു.
 
 ഒന്നും സ്വാഭാവികമായി വരുന്നതല്ല. അനായാസമായാണ് ചെയ്യുന്നതെന്ന് തോന്നിക്കാന്‍ വളരെ അധികം പരിശ്രമം ആവശ്യമാണ്. നാച്ചുറല്‍ പ്ലെയര്‍, ഗിഫ്റ്റഡ് പ്ലെയര്‍ എന്നെല്ലാം ആളുകള്‍ വിശേഷിപ്പിക്കും. എന്നാല്‍ അതിന് പിന്നിലുള്ള കഠിനാദ്ധ്വാനം ആളുകള്‍ കാണില്ല. അത് കളിക്കാരനോ നേതാവോ ആരും ആകട്ടെ,, ഇതെല്ലാം മണിക്കൂറുകളുടെ കഠിനാധ്വാനത്തില്‍ നിന്നാണ് വരുന്നത്. രോഹിത് പറഞ്ഞു.
 
 ഈ മാസം ഏഴിനാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും രോഹിത് അപ്രതീക്ഷിതമായി വിരമിക്കുന്നത്. രോഹിത്തിനെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയായിരുന്നു നടപടി. ഇംഗ്ലണ്ടുമായുള്ള പരമ്പരയെ വലിയ ആകാംക്ഷയോടെയാണ് കാണുന്നതെന്ന് അടുത്തിടെ മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ രോഹിത് പ്രതികരിച്ചിരുന്നു. എന്നാല്‍ ജൂണില്‍ പരമ്പര ആരംഭിക്കാനിരിക്കെയാണ് രോഹിത് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍