ഇനി എന്താണവൻ ചെയ്യേണ്ടത്, എത്ര റൺസടിച്ചാലും ഒഴിവാക്കും, സഞ്ജുവിനെ ഓർത്ത് സങ്കടമുണ്ടെന്ന് ഹർഭജൻ

അഭിറാം മനോഹർ

ശനി, 25 ജനുവരി 2025 (14:06 IST)
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളിതാരം സഞ്ജു സാംസണ് ഇടം നല്‍കാത്തതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. സഞ്ജുവിന്റെ കാര്യം ഓര്‍ക്കുമ്പൊള്‍ തനിക്ക് സങ്കടമുണ്ടെന്ന് ഹര്‍ഭജന്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ അവനെ പറ്റി ഓര്‍ക്കുമ്പോള്‍ എനിക്ക് സങ്കടമുണ്ട്. എത്ര റണ്‍സടിച്ചാലും അവനെ ഒഴിവാക്കും. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ 15 പേരെ മാത്രമെ ഉള്‍പ്പെടുത്താനാകു എന്ന് എനിക്കറിയാം. എന്നാല്‍ സഞ്ജുവിന്റെ ശൈലിക്ക് ഏറെ അനുയോജ്യമായ ഫോര്‍മാറ്റാണിത്.
 
ഈ ഫോര്‍മാറ്റില്‍ 55-56 ആണ് സഞ്ജുവിന്റെ ബാറ്റിംഗ് ശരാശരി. എന്നിട്ട് പോലും അവനെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പറായി പോലും പരിഗണിച്ചില്ല. അവനെ ടീമിലെടുക്കുന്നതിനെ പറ്റി ചോദിക്കുമ്പോള്‍ ആരുടെ സ്ഥാനത്ത് എന്നാണ് പലരും ചോദിക്കുന്നത്. സ്ഥാനങ്ങളൊക്കെ വേണമെന്ന് വിചാരിച്ചാല്‍ ഉണ്ടാക്കാവുന്നതേയുള്ളു. സ്വിച്ചിന് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. സഞ്ജുവിന് പുറമെ ലെഗ് സ്പിന്നര്‍ യൂസ്വേന്ദ്ര ചാഹലിനെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെയും ഹര്‍ഭജന്‍ വിമര്‍ശിച്ചു.  ലോകകപ്പ് ടീമിലെടുക്കാതിരിക്കാന്‍ മാത്രം എന്ത് തെറ്റാണ് ചഹല്‍ ചെയ്തതെന്ന് തനിക്കറിയില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍