എല്ലാം വെറും അഭ്യൂഹങ്ങൾ മാത്രം, ഇന്ത്യൻ ജേഴ്സിയിൽ പാകിസ്ഥാൻ ഉണ്ടാകും, ഐസിസി മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ബിസിസിഐ

അഭിറാം മനോഹർ

വ്യാഴം, 23 ജനുവരി 2025 (13:55 IST)
ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയില്‍ പാകിസ്ഥാന്റെ പേര് ചേര്‍ക്കില്ലെന്ന വിവാദത്തില്‍ വ്യക്തത വരുത്തി ബിസിസിഐ. ആതിഥേയ രാജ്യമായ പാകിസ്ഥാന്റെ പേര് ജേഴ്‌സിയില്‍ നിന്നും നീക്കുമെന്ന അഭ്യൂഹങ്ങള്‍ ബിസിസിഐ തള്ളി.
 
 ടൂര്‍ണമെന്റ് ജേഴ്‌സി സംബന്ധിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് ഡ്രസ് കോഡ് മാനദണ്ഡമുണ്ട്. ഈ നിയമം ഇന്ത്യ പാലിക്കുക തന്നെ ചെയ്യുമെന്ന് ബിസിസിഐ വ്യക്തമാക്കി. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ടീം ജേഴ്‌സിയില്‍ ഉപയോഗിക്കേണ്ട ചാമ്പ്യന്‍സ് ട്രോഫി ലോഗോയിലുള്ള പാകിസ്ഥാന്റെ പേര് ഇന്ത്യ ജേഴ്‌സിയില്‍ ഉപയോഗിക്കില്ലെന്ന തരത്തിലാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. 
 
ഫെബ്രുവരി 19 മുതലാണ് ചാമ്പ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ ആരംഭിക്കുക. ഫെബ്രുവരി 16,17 തീയതികളിലാണ് ടൂര്‍ണമെന്റിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ട്, പത്രസമ്മേളനങ്ങള്‍ എന്നിവ നടക്കുക. പാകിസ്ഥാനില്‍ വെച്ച് നടക്കുന്ന ഈ ചടങ്ങുകളില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പങ്കെടുക്കുമോ എന്നതില്‍ ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ബിസിസിഐ കൂട്ടിച്ചേര്‍ത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍