ഇന്ത്യയ്ക്ക് അഹങ്കാരം, ചാമ്പ്യൻസ് ട്രോഫി ജേഴ്സിയിൽ ആതിഥേയരായ പാകിസ്ഥാൻ്റെ പേരില്ല? , പുതിയ വിവാദം

അഭിറാം മനോഹർ

ചൊവ്വ, 21 ജനുവരി 2025 (12:25 IST)
Indian Jersey
ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയില്‍ ആതിഥേയരായ പാകിസ്ഥാന്റെ പേരുണ്ടാകില്ലെന്ന് അഭ്യൂഹങ്ങള്‍.ഇത് വ്യക്തമാക്കുന്ന ജേഴ്‌സിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ചിത്രം വൈറലായതോടെ ബിസിസിഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തി. ബിസിസിഐ ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തുകയാണെന്നും ഇത് നല്ലതിനല്ലെന്നും പിസിബി പ്രതിനിധി ഒരു രാജ്യാന്തര മാധ്യമത്തോട് പ്രതികരിച്ചു.
 
പാകിസ്ഥാനിലേക്ക് വരാന്‍ അവര്‍ സമ്മതിച്ചില്ല. ഉദ്ഘാടന ചടങ്ങിലേക്ക് ഇന്ത്യന്‍ ക്യാപ്റ്റനെ അയക്കില്ലെന്ന് പറയുന്നു. ആതിഥേയ രാജ്യത്തിന്റെ പേര് ജേഴ്‌സിയില്‍ പതിക്കില്ലെന്നാണ് പുതിയ വാദം. ഇങ്ങനെയൊന്ന് സംഭവിക്കാന്‍ ഐസിസി അനുവദിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. ഈ വിഷയത്തില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പാകിസ്ഥാനോടൊപ്പം നില്‍ക്കണം.പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി പ്രതികരിച്ചു. പാകിസ്ഥാനിലേക്ക് ഇന്ത്യ ടീമിനെ അയക്കില്ലെന്ന നിലപാട് ബിസിസിഐ എടുത്തതോടെയാണ് ടൂര്‍ണമെന്റിലെ ഇന്ത്യന്‍ മത്സരങ്ങള്‍ യുഎഇയിലോട്ട് മാറ്റിയത്. ഇതോടെ ഇന്ത്യ ഫൈനലിലെത്തിയാല്‍ ഫൈനല്‍ മത്സരവും യുഎഇയിലാകും നടക്കുക.മറ്റ് വഴികള്‍ ഇല്ലാതെയായതോടെയാണ് ഹൈബ്രിഡ് മോഡല്‍ എന്ന വാദം പാകിസ്ഥാന്‍ അംഗീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ നടക്കുന്ന ടൂര്‍ണമെന്റുകളില്‍ പാകിസ്ഥാന്റെ മത്സരങ്ങളും ഇനി ഹൈബ്രിഡ് മോഡലിലാകും സംഘടിപ്പിക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍