Lord's test: പച്ചപ്പുള്ള പിച്ച്, ലോർഡ്സിലെ കണക്കുകൾ ഇന്ത്യയ്ക്ക് എതിര്, 19 ടെസ്റ്റ് കളിച്ചതിൽ ജയിച്ചത് 3 എണ്ണത്തിൽ മാത്രം

അഭിറാം മനോഹർ

വ്യാഴം, 10 ജൂലൈ 2025 (13:35 IST)
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരം ഇന്ന് ലോര്‍ഡ്‌സ് മൈതാനത്ത്. ക്രിക്കറ്റിലെ മെക്ക എന്ന വിശേഷണമുള്ള ലോര്‍ഡ്‌സ് ഗ്രൗണ്ടിലെ വിജയം ഏതൊരു ക്രിക്കറ്റ് ടീമിന്റെയും സ്വപ്നമാണ്. ലോര്‍ഡ്‌സില്‍ ഇതുവരെ 19 ടെസ്റ്റുകളില്‍ ഇന്ത്യ കളിച്ചപ്പോള്‍ 3 തവണ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാനായിട്ടുള്ളത്. ഇംഗ്ലണ്ട് 12 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ നാല് ടെസ്റ്റുകള്‍ സമനിലയിലായി.
 
 1932ലായിരുന്നു ലോര്‍ഡ്‌സില്‍ ഇന്ത്യ ആദ്യമായി കളിക്കാനിറങ്ങിയത്. ആ മത്സരത്തില്‍ 158 റണ്‍സിനായിരുന്നു ഇന്ത്യന്‍ തോല്‍വി. പിന്നീട് നടന്ന 9 ടെസ്റ്റ് മത്സരങ്ങളില്‍ ഏഴിലും ഇന്ത്യ പരാജയപ്പെട്ടു. രണ്ട് മത്സരങ്ങള്‍ സമനിലയിലായി. 1986ല്‍ കപില്‍ ദേവും സംഘവുമായിരുന്നു ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ആദ്യ വിജയം സ്വന്തമാക്കിയത്. അതിന് ശേഷമുള്ള അഞ്ച് ടെസ്റ്റുകളില്‍ മൂന്നെണ്ണത്തില്‍ തോല്‍ക്കുകയും രണ്ടെണ്ണം സമനിലയായി മാറുകയും ചെയ്തു.
 
2014ല്‍ എം എസ് ധോനിയുടെ നേതൃത്വത്തിലാണ് ലോര്‍ഡ്‌സിലെ രണ്ടാമത്തെ വിജയം ഇന്ത്യ സ്വന്തമാക്കിയത്. 2018ല്‍ കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ കളിക്കാന്‍ വന്നെങ്കിലും ഇന്നിങ്ങ്‌സിനും 159 റണ്‍സിനും പരാജയപ്പെട്ടു. എന്നാല്‍ 2021ല്‍ കോലിയുടെ നേതൃത്വത്തില്‍ 151 റണ്‍സിന്റെ വിജയം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. നിലവില്‍ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയിലാണ്. ഇന്ത്യയ്ക്ക് ഇതുവരെയും വിജയിക്കാനാവാതിരുന്ന എഡ്ജ്ബസ്റ്റണില്‍ വിജയം സ്വന്തമാക്കിയാണ് ഗില്ലും സംഘവും ലോര്‍ഡ്‌സില്‍ ഇന്നിറങ്ങുന്നത്. സ്റ്റാര്‍ പേസര്‍ ബുമ്ര മടങ്ങിയെത്തുന്നത് ഇന്ത്യയ്ക്ക് അനുകൂലഘടകമാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍