ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം നാളെ ലോര്‍ഡ്‌സില്‍ നടക്കാനിരിക്കെ മൂന്നാം ടെസ്റ്റിലും മലയാളി താരം കരുണ്‍ നായര്‍ക്കും അവസരം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തി ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ കരുണിനെ 2 മോശം പ്രകടനങ്ങള്‍ കൊണ്ട് മാത്രം പുറത്താക്കില്ലെന്ന് പരമ്പരയ്ക്ക് മുന്‍പ് തന്നെ പരിശീലകന്‍ ഗൗതം ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. പരമ്പരയില്‍ നിറം മങ്ങിയ പ്രകടനമാണ് നടത്തുന്നതെങ്കിലും മൂന്നാം ടെസ്റ്റിലും കരുണിന് അവസരം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ ടെസ്റ്റില്‍ സായ് സുദര്‍ശനെ മൂന്നാം നമ്പറില്‍ കളിപ്പിക്കുകയും കരുണിനെ ആറാം നമ്പറില്‍ ബാറ്റിങ്ങില്‍ ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ സായ് സുദര്‍ശനെ ഒഴിവാക്കി ടോപ് ഓര്‍ഡറില്‍ കരുണിന് അവസരം നല്‍കിയിരുന്നു. രണ്ടാം ടെസ്റ്റില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാന്‍ കരുണിനായിരുന്നില്ല. ലോര്‍ഡ്‌സ് ടെസ്റ്റിലും പരാജയമാവുകയാണെങ്കില്‍ നാലാം ടെസ്റ്റില്‍ കരുണിന് പകരം സായ് സുദര്‍ശനോ അഭിമന്യു ഈശ്വരനോ ഇന്ത്യന്‍ ടീമിലെത്തും.