ജൂലൈ 31 മുതല്‍ (നാളെ) ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടാണ് കെന്നിങ്ടണ്‍ ഓവല്‍. ഇന്ത്യന്‍ താരങ്ങള്‍ ഓവലില്‍ പരിശീലനം നടത്തുകയാണ്. ചൊവ്വാഴ്ചത്തെ പരിശീലനത്തിനിടെയാണ് ഗൗതം ഗംഭീറും ഓവല്‍ പിച്ച് ക്യുറേറ്റര്‍ ലീ ഫോര്‍ട്ടിസും തമ്മില്‍ ശീതയുദ്ധം ഉണ്ടാകുന്നത്. മത്സരത്തിനായി ഒരുക്കിയിരിക്കുന്ന പിച്ചിനു സമീപം ഇന്ത്യന്‍ താരങ്ങള്‍ എത്തിയതാണ് ക്യുറേറ്റര്‍ ലീ ഫോര്‍ട്ടിസിനെ ചൊടിപ്പിച്ചത്.
പിച്ചില്‍ നിന്ന് 2.5 മീറ്റര്‍ അകലം പാലിക്കാന്‍ ഗ്രൗണ്ട് സ്റ്റാഫിനെ അയച്ച് ലീ ഫോര്‍ട്ടിസ് ആവശ്യപ്പെട്ടു. എന്നാല്‍ ഗംഭീറും സംഘവും അത് ചെവികൊണ്ടില്ല. ഇവിടെ നിന്നാണ് സംഭവങ്ങളുടെ ആരംഭം. ഉടനെ ഗംഭീറിനു അടുത്തെത്തി ഫോര്‍ട്ടിസ് പറഞ്ഞു, 'എനിക്ക് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യേണ്ടിവരും'. ഇത് കേട്ടതും ഗംഭീര്‍ പ്രകോപിതനായി. ' നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോയി റിപ്പോര്‍ട്ട് ചെയ്യൂ,' എന്നായിരുന്നു ഗംഭീറിന്റെ മറുപടി.
' ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് നിര്‍ദേശിക്കാന്‍ നിങ്ങള്‍ക്ക് അധികാരമില്ല. നിങ്ങള്‍ ഗ്രൗണ്ട്സ്മാന്‍മാരില്‍ ഒരാള്‍ മാത്രമാണ്. അതില്‍ കൂടുതല്‍ അധികാരമൊന്നും ഇല്ല. ഞങ്ങള്‍ക്ക് എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന കാര്യത്തില്‍ താങ്കളുടെ അഭിപ്രായം ആവശ്യമില്ല,' ഗംഭീര്‍ തുറന്നടിച്ചു.
തര്‍ക്കം രൂക്ഷമായതോടെ ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ നിതാന്‍ഷു കൊട്ടക് ഇടപെട്ട് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. ഇന്ത്യന്‍ സംഘം പിച്ചില്‍ യാതൊരു കേടുപാടും വരുത്തില്ലെന്ന് നിതാന്‍ഷു ഉറപ്പ് നല്‍കി. സംഭവശേഷം ഗ്രൗണ്ടില്‍ നിന്ന് കയറിപോകുമ്പോള്‍ ഇതേ കുറിച്ച് മാധ്യമങ്ങള്‍ ഫോര്‍ട്ടിസിനോടു തിരക്കിയെങ്കിലും എന്താണ് നടന്നതെന്ന് ഗംഭീറിനോടു തന്നെ ചോദിക്കൂ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
പിന്നീട് ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ നിതാന്‍ഷു ഈ സംഭവങ്ങളെ കുറിച്ച് മാധ്യമങ്ങളോടു വിശദീകരിച്ചു, 'ഞങ്ങള്‍ പിച്ച് നോക്കുന്ന സമയത്ത് ക്യുറേറ്റര്‍ ഒരു സ്റ്റാഫിനെ അയച്ചു. പിച്ചില്‍ നിന്ന് 2.5 മീറ്റര്‍ അകന്നു നില്‍ക്കാനാണ് ഞങ്ങളോടു പറഞ്ഞത്. അത് ആശ്ചര്യപ്പെടുത്തുന്ന നിര്‍ദേശമായിരുന്നു. ഞങ്ങള്‍ക്ക് അറിയാം, ക്യുറേറ്റര്‍മാര്‍ എപ്പോഴും പിച്ചിനെ കുറിച്ച് അമിത ഉത്കണ്ഠ ഉള്ളവരായിരിക്കും. ഈ സമയത്ത് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ക്യുറേറ്റര്‍മാക്കു മറുപടി നല്‍കി. കൂടുതലൊന്നും എനിക്ക് ഇക്കാര്യത്തില്‍ പറയാനില്ല,'