Gambhir: ഇതൊന്നും പോര ഗംഭീർ, പരിശീലകസംഘത്തിൽ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ, സഹപരിശീലകരുടെ സ്ഥാനം തെറിച്ചേക്കും

അഭിറാം മനോഹർ

തിങ്കള്‍, 28 ജൂലൈ 2025 (15:44 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തില്‍ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ. ടീമിന്റെ മുഖ്യപരിശീലകനായ ഗൗതം ഗംഭീറിനെ പുറത്താക്കിയില്ലെങ്കിലും ഗംഭീറിന്റെ താത്പര്യപ്രകാരം പരിശീലകസംഘത്തില്‍ ചേര്‍ത്ത ബൗളിങ് പരിശീലകന്‍ മോര്‍ണി മോര്‍ക്കല്‍, സഹപരിശീലകന്‍ റിയാന്‍ ടെന്‍ ഡോഷെറ്റെ എന്നിവരെ പുറത്താക്കുമെന്നാണ് ദ ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തത്. സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാകപ്പ് മത്സരങ്ങള്‍ക്ക് ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചാണ് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തത്.
 
ഏഷ്യാകപ്പിന് ശേഷം ഒക്ടോബറില്‍ വെസ്റ്റിന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കുക. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിലെ ഫലം എന്തുതന്നെയായാലും ബിസിസിഐ തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ട്. ടീമിലെ ബൗളര്‍മാരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ മോണി മോര്‍ക്കലിന് സാധിച്ചില്ലെന്നും സഹപരിശീലകനെന്ന നിലയില്‍ കാര്യമായ സംഭാവന നല്‍കാന്‍ റിയാന്‍ ടെന്‍ ഡോഷെറ്റെയ്ക്ക് സാധിച്ചിട്ടില്ലെന്നുമാണ് ബിസിസിഐ വിലയിരുത്തുന്നത്.
 
 നേരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ഗംഭീറിന് കീഴില്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകനായിരുന്ന അഭിഷേക് നായരെ ബിസിസിഐ പുറത്താക്കിയിരുന്നു. പകരം സീതാന്‍ഷു കൊടകിനെ ബാറ്റിംഗ് പരിശീലകനാക്കി നിയമിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍