അടുത്തമാസം യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാകപ്പിന് മുന്‍പായി ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണിങ് താരം അഭിഷേക് ശര്‍മ. ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് അഭിഷേക് ശര്‍മ. വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മാത്രമാണ് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.
ഒരു വര്‍ഷമായി റാങ്കിങ്ങില്‍ തലപ്പത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ സഹതാരം കൂടിയായ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ പിന്തള്ളിയാണ് അഭിഷേകിന്റെ നേട്ടം. വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ട്രാവിസ് ഹെഡ് കളിച്ചിരുന്നില്ല. ഇതാണ് റാങ്കിങ്ങില്‍ ഹെഡ് പിറകിലാകാന്‍ കാരണമായത്. കഴിഞ്ഞ ടി20 ലോകകപ്പിന് പിന്നാലെയാണ് സൂര്യകുമാര്‍ യാദവിനെ പിന്തള്ളി ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനത്തുള്ള അഭിഷേക് ശര്‍മയ്ക്ക് 829 റേറ്റിംഗ് പോയന്റും ഹെഡിന് 814 റേറ്റിംഗ് പോയന്റുമാണുള്ളത്. 804 റേറ്റിംഗ് പോയന്റുമായി തിലക് വര്‍മയാണ് മൂന്നാം സ്ഥാനത്ത്. മലയാളി താരം സഞ്ജു സാംസണ്‍ ലിസ്റ്റില്‍ 33മത് സ്ഥാനത്താണ്.