Digvesh Rathi: നിന്റെ നോട്ടെഴുത്ത് കുറച്ച് കൂടുന്നുണ്ട്, അടുത്ത മത്സരം കളിക്കേണ്ടെന്ന് ബിസിസിഐ, ദിഗ്വേഷിനെതിരെ അച്ചടക്കനടപടി

അഭിറാം മനോഹർ

ചൊവ്വ, 20 മെയ് 2025 (14:31 IST)
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയുമായി കോര്‍ത്ത സംഭവത്തില്‍ ലഖ്‌നൗ സ്പിന്നര്‍ ദിഗ്വേഷ് റാത്തിക്കെതിരെ അച്ചടക്കനടപടിയുമായി ബിസിസിഐ. മത്സരത്തില്‍ സിക്‌സര്‍ പറത്താനുള്ള അഭിഷേകിന്റെ ശ്രമം പരാജയപ്പെട്ടതോടെയാണ് ദിഗ്വേഷ് താരത്തെ ശാര്‍ദൂല്‍ ഠാക്കൂറിന്റെ കയ്യിലെത്തിച്ചത്.
 
 ഇതിന് പിന്നാലെ തന്റെ പതിവ് ശൈലിയില്‍ നോട്ട്ബുക്ക് എടുത്ത്, അഭിഷേകിന്റെ വിക്കറ്റും താരം അതിലേക്ക് എഴുതിചേര്‍ത്തു. എന്നാല്‍ ഇത്തവണ ആഘോഷം റാത്തി അവിടം കൊണ്ട് അവസാനിപ്പിച്ചില്ല. അഭിഷേകിനോട് വേഗം ഡഗൗട്ടിലേക്ക് മടങ്ങാനും കൈകള്‍കൊണ്ട് ആംഗ്യം കാണിച്ചു. ഇതാണ് അഭിഷേകിനെ ചൊടുപ്പിച്ചത്. ഡഗൗട്ടിലേക്ക് മടങ്ങുകയായിരുന്ന അഭിഷേക് തിരിച്ചെത്തി ദിഗ്വേഷിനോട് കോര്‍ക്കുകയായിരുന്നു. പിന്നീട് അമ്പയര്‍മാരും സഹതാരങ്ങളുമെത്തിയാണ് രംഗം തണുപ്പിച്ചത്.
 
 
 എന്നാല്‍ തിരിച്ചുപോകുമ്പോള്‍ റാത്തിയുടെ മുടി വലിച്ച് നിലത്തടിക്കുമെന്ന് കാണിച്ചാണ് അഭിഷേക് മടങ്ങിയത്. ഈ ആഘോഷപ്രകടനവും തര്‍ക്കവുമാണ് റാത്തിക്ക് പണികിട്ടാന്‍ കാരണം. ഇതിന് മുന്‍പും അതിരുവിട്ട ആഘോഷത്തിന് ബിസിസിഐ താരത്തെ താക്കീത് ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഇത്തവണ മാച്ച് ഫീയുടെ 50 ശതമാനം പിഴയ്ക്ക് പുറമെ ഒരു മത്സരത്തില്‍ സസ്‌പെന്‍ഷനും താരത്തിന് കിട്ടി. നിലവില്‍ അഞ്ച് ഡീമെറിറ്റ് പോയന്റുകള്‍ ഇതിനകം റാത്തിക്കുണ്ട്. ഇത് എട്ടായാല്‍ 2 മത്സരങ്ങള്‍ താരത്തിന് നഷ്ടപ്പെടും. ഇതിന് മുന്‍പ് പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ പ്രിയാന്‍ഷ് ആര്യയെ പുറത്താക്കിയപ്പോഴും മുംബൈക്കെതിരായ മത്സരത്തില്‍ നമന്‍ ധിറിനെ പുറത്താക്കിയപ്പോഴും താരത്തിന് ഡിമെറിറ്റ് പോയന്റുകള്‍ ലഭിച്ചിരുന്നു. ദിഗ്വേഷിനോട് കോര്‍ത്ത അഭിഷേകിന് മാച്ച് ഫീസിന്റെ 25 ശതമാനമാണ് പിഴ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍