IPL 2025 Point Table: ലഖ്‌നൗ പ്ലേ ഓഫ് കാണാതെ പുറത്ത്; നാലാമതെത്താന്‍ മുംബൈയും ഡല്‍ഹിയും

രേണുക വേണു

ചൊവ്വ, 20 മെയ് 2025 (09:26 IST)
IPL 2025 Point Table: പ്ലേ ഓഫ് കാണാതെ പുറത്താകുന്ന അഞ്ചാമത്തെ ടീമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനോടു ആറ് വിക്കറ്റിനു തോറ്റാണ് ലഖ്‌നൗവിന്റെ പുറത്താകല്‍. 
 
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഹൈദരബാദ് പത്ത് പന്തുകളും ആറ് വിക്കറ്റുകളും ശേഷിക്കെ ലക്ഷ്യംകണ്ടു. ഹൈദരബാദിനു വേണ്ടി അര്‍ധ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയാണ് കളിയിലെ താരം. 
 
ഹൈദരബാദിനെതിരെ ജയിച്ചിരുന്നെങ്കില്‍ ലഖ്‌നൗവിനു പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താമായിരുന്നു. ഹൈദരബാദ് നേരത്തെ പുറത്തായതാണ്. മൂന്ന് ടീമുകളാണ് ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ചത്. 18 പോയിന്റുള്ള ഗുജറാത്ത് ഒന്നാം സ്ഥാനത്തും 17 പോയിന്റ് വീതമുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തും. 
 
ഈ മൂന്ന് ടീമുകള്‍ക്ക് പുറമേ പ്ലേ ഓഫില്‍ കയറാന്‍ ഇനി സാധ്യതയുള്ളത് മുംബൈ ഇന്ത്യന്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സിനുമാണ്. 12 കളികളില്‍ നിന്ന് 14 പോയിന്റോടെ മുംബൈ നാലാമതും 12 കളികളില്‍ നിന്ന് 13 പോയിന്റോടെ ഡല്‍ഹി അഞ്ചാമതും നില്‍ക്കുന്നു. നാളെ (മേയ് 21) നടക്കാനിരിക്കുന്ന മുംബൈ - ഡല്‍ഹി മത്സരം പ്ലേ ഓഫില്‍ എത്തുന്ന നാലാമത്തെ ടീമിനെ നിര്‍ണയിക്കുന്നതില്‍ സ്വാധീനം ചെലുത്തും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍