പരിശീലനത്തിനിടെ പന്ത് വാരിയെല്ലിലിടിച്ചു, കരുൺ നായർക്ക് പരിക്ക്, പരമ്പര നഷ്ടമാകുമോ എന്നതിൽ ഇന്ത്യയ്ക്ക് ആശങ്ക

അഭിറാം മനോഹർ

വ്യാഴം, 19 ജൂണ്‍ 2025 (16:12 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യയ്ക്ക് ആശങ്കയായി കരുണ്‍ നായര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പന്ത് കരുണിന്റെ വാരിയെല്ലില്‍ ഇടിക്കുകയായിരുന്നു.പന്ത് തട്ടിയ ശേഷം അസ്വസ്ഥനായി കാണപ്പെട്ട കരുണ്‍ ബാറ്റിംഗ് തുടര്‍ന്നെങ്കിലും താരത്തിന്റെ പരിക്കിന്റെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിട്ടില്ല.
 
ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ച് നീണ്ട 8 വര്‍ഷത്തിന് ശേഷമാണ് കരുണ്‍ നായര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തിയത്. പരിക്ക് ഗുരുതരമാണെങ്കില്‍ താരത്തിന് പരമ്പര തന്നെ നഷ്ടമായേക്കും. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടരുന്ന കരുണ്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ഇംഗ്ലണ്ടിലെ പരിശീലന മത്സരങ്ങളിലും താരം തിളങ്ങിയിരുന്നു. കോലിയും രോഹിത്തും ബാക്കിവെച്ച വിടവ് നികത്താന്‍ കരുണിന്റെ പരിചയസമ്പത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. താരത്തിന് കളിക്കാനായില്ലെങ്കില്‍ സായ് സുദര്‍ശനാകും പരമ്പരയില്‍ ഇന്ത്യക്കായി മൂന്നാം നമ്പറില്‍ ഇറങ്ങുക.
 
 അതേസമയം ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ ക്രിസ് വോക്‌സ് തിരിച്ചെത്തി. ജേക്കബ് ബേഥലിന് പകരം ഒലി പോപ്പും ടീമിലെത്തി. പേശിവലിവ് മൂലം ബുദ്ധിമുട്ടുന്ന ഗസ് ആറ്റ്കിന്‍സണ് പകരം ബ്രൈഡന്‍ കാഴ്‌സാണ് ഇംഗ്ലണ്ട് ടീമിലുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍