India vs England: പച്ച വിരിച്ച ഓവല്‍ പിച്ച്, ഗംഭീറിന്റെ ട്രമ്പ് കാര്‍ഡ്, അവസാന നിമിഷം കരുണ്‍ നായര്‍ ടീമിലേക്ക്?

അഭിറാം മനോഹർ

വ്യാഴം, 31 ജൂലൈ 2025 (12:27 IST)
ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും നിര്‍ണായകവുമായ ഓവല്‍ ടെസ്റ്റിനായി അവസാന നിമിഷം മാറ്റങ്ങള്‍ വരുത്തി ഇന്ത്യന്‍ ടീം. പേസ് ബൗളര്‍മാര്‍ക്കായി ഇംഗ്ലണ്ട് ഒരുക്കിയ പിച്ചില്‍ പരിചയസമ്പന്നനായ ഒരു അധിക ബാറ്ററെ ഉള്‍പ്പെടുത്താനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ഇതോടെ കഴിഞ്ഞ മത്സരം കളിച്ച ശാര്‍ദൂല്‍ താക്കൂറിന് പകരമായി കരുണ്‍ നായരാകും ഓവല്‍ ടെസ്റ്റില്‍ കളിക്കുക. ഓവലിലെ പച്ചപ്പ് നിറഞ്ഞ പിച്ചില്‍ കരുണ്‍ നായരിന്റെ പരിചയസമ്പത്ത് തുണയാകുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.
 
ജസ്പ്രീത് ബുമ്രയ്ക്ക് ടീം വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ ആകാശ് ദീപും അര്‍ഷദീപ് സിങ്ങും ടീമില്‍ ഭാഗമാകുമെന്നാണ് സൂചന. കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയ അന്‍ഷുല്‍ കാംബോജിനെ അവസാന ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയേക്കില്ല. പരിക്കേറ്റ റിഷഭ് പന്തിന് പകരം ധ്രുവ് ജുറലാണ് വിക്കറ്റ് കീപ്പറാവുക. സ്പിന്നറായ കുല്‍ദീപ് യാദവിനെ ഇത്തവണയും ടീം ഒഴിവാക്കി. അതേസമയം കരുണ്‍ നായര്‍ മടങ്ങിയെത്തുമ്പോള്‍ മൂന്നാം നമ്പര്‍ സ്ഥാനത്ത് ആര് ബാറ്റിങ്ങിന് ഇറങ്ങുമെന്നതാണ് ടീമിനെ കുഴക്കുന്നത്.ബൗളിങ്ങിലും ബാറ്റിങ്ങിലും ജഡേജ, വാഷിങ്ങ്ടണ്‍ സുന്ദര്‍ എന്നിവര്‍ മികവ് പുലര്‍ത്തുന്നത് ഇന്ത്യയ്ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ്. നിലവില്‍ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇംഗ്ലണ്ട്. അതിനാല്‍ തന്നെ പരമ്പര കൈവിടാതിരിക്കാന്‍ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം നിര്‍ണായകമാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍