ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിനം ഒട്ടേറെ വിവാദങ്ങള്‍ ബാക്കിവെച്ചാണ് അവസാനിച്ചത്. മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ വമ്പന്‍ ലീഡിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തിലെ 2 വിക്കറ്റുകള്‍ നഷ്ടമായിട്ടും ശക്തമായ പ്രതിരോധമാണ് മത്സരത്തില്‍ നടത്തിയത്. ഒടുവില്‍ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും സെഞ്ചുറിക്കരികില്‍ നില്‍ക്കെ സമനില ആവശ്യപ്പെട്ട് ഇംഗ്ലണ്ട് നായകനായ ബെന്‍ സ്റ്റോക്‌സ് സമീപിച്ചെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ ഈ ആവശ്യം നിരാകരിച്ചിരുന്നു. ഇംഗ്ലണ്ട് താരങ്ങളും ഇതോടെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതോടെ ഇംഗ്ലണ്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് രംഗത്ത് നിന്ന് നിരവധി പേരാണ് രംഗത്ത് വന്നത്.
ഇപ്പോഴിതാ മത്സരത്തിലെ ഇംഗ്ലണ്ടിന്റെ സമീപനത്തെ പരിഹസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സ്പിന്നറായ നഥാന്‍ ലിയോണ്‍. പുറത്താക്കി കളി ജയിക്കുക. സെഞ്ചുറികള്‍ തടയുക എന്നതാണ് ലക്ഷ്യം. സെഞ്ചുറിയടിക്കുന്നത് തടയണം. അതാണ് വഴി എന്നായിരുന്നു ലിയോണിന്റെ പ്രതികരണം. മെല്‍ബണ്‍ റെനെഗ്രേഡിനായി ബിഗ് ബാഷില്‍ പങ്കെടുത്തപ്പോഴാണ് ലിയോണിന്റെ പ്രതികരണം. സെഞ്ചുറി തടയാന്‍ ആഗ്രഹിക്കുന്നുണ്ടായിരുന്നുവെങ്കില്‍ വിക്കറ്റ് നേരത്തെ വീഴ്ത്തണമെന്നായിരുന്നു താരത്തിന്റെ മുന വെച്ചുള്ള പ്രതികരണം. മാഞ്ചസ്റ്ററിലെ പിച്ചില്‍ ആകെ 24 വിക്കറ്റുകളാണ് വീണത് എന്നത് ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചല്ല മാഞ്ചസ്റ്ററിലേത് എന്നതാണ് കാണിക്കുന്നതെന്നും ബാറ്റും ബോളും തമ്മിലുള്ള മത്സരമാണ് ക്രിക്കറ്റ് പ്രേമികള്‍ കാണാന്‍ ആഗ്രഹിക്കുന്നതെന്നും ലിയോണ്‍ പറഞ്ഞു.