2025-ലെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് (WCL) ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരെ നടക്കേണ്ടിയിരുന്ന സെമിഫൈനല്‍ മത്സരത്തില്‍ നിന്നും ഇന്ത്യാ ചാമ്പ്യന്‍സ് പിന്മാറിയതായി റിപ്പോര്‍ട്ട്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഇന്ത്യന്‍ ടീം ബഹിഷ്‌കരിച്ചിരുന്നതിന്റെ തുടര്‍ച്ചയായാണ് പുതിയ തീരുമാനം.ടൂര്‍ണമെന്റിലെ 3 ഗ്രൂപ്പ് മത്സരങ്ങളില്‍ പരാജയപ്പെട്ടിട്ടും വെസ്റ്റിന്‍ഡീസിനെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ബലത്തിലാണ് ഇന്ത്യ സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. എന്നാല്‍ പാകിസ്ഥാനെയാണ് സെമിയില്‍ ഇന്ത്യയ്ക്ക് നേരിടേണ്ടത്. ഈ സാഹചര്യത്തിലാണ് മത്സരം ബഹിഷ്‌കരിക്കാന്‍ ഇന്ത്യാ ചാമ്പ്യന്മാര്‍ തീരുമാനിച്ചത്.
പഹല്‍ഗാം ഭീകരാക്രമണവും അതിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇന്ത്യാ ചാമ്പ്യന്‍സിന്റെ തീരുമാനം. സ്വന്തം രാജ്യത്തിനെതിരെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുമായി സഹകരിക്കില്ലെന്നാണ് ഇന്ത്യാ ചാമ്പ്യന്‍സ് വ്യക്തമാക്കുന്നത്. അതേസമയം അടുത്ത മാസം നടക്കുന്ന ഏഷ്യാകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുമെന്ന് ബിസിസിഐ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ ഇന്ത്യ- പാകിസ്ഥാന്‍ സെമിഫൈനല്‍ മത്സരം ഷെഡ്യൂള്‍ ചെയ്തതിന് പിന്നാലെ ടൂര്‍ണമെന്റിലെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും ഇന്ത്യന്‍ കമ്പനിയായ ഈസ് മൈ റ്റ്രിപ്പ് പിന്മാറിയിരുന്നു.
പരമ്പരയില്‍ ദക്ഷിണാഫ്രിക്കയോടും ഓസ്‌ട്രേലിയയോടും ഇംഗ്ലണ്ടിനോടും പരാജയപ്പെട്ടതിന് ശേഷം അവസാന മത്സരത്തില്‍ 13.1 ഓവറില്‍ വെസ്റ്റിന്‍ഡീസിനെതിരെ വിജയിച്ചാണ് ഇന്ത്യ സെമിയില്‍ എത്തിയത്. എന്നാല്‍ ദേശീയതയെ മുന്‍നിര്‍ത്തി പാകിസ്ഥാനെതിരെ കളിക്കാനില്ല എന്ന നിലപാടാണ് ഇന്ത്യാ ചാമ്പ്യന്‍സ് എടുത്തിരിക്കുന്നത്. എന്നാല്‍ ടൂര്‍ണമെന്റില്‍ പാകിസ്ഥാനുണ്ടെന്ന് നേരത്തെ അറിയുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ ഇത്രയും വഷളാക്കാന്‍ ഇന്ത്യ നിന്നുകൊടുക്കേണ്ട കാര്യം ഇല്ലായിരുന്നു എന്നാണ് ഇന്ത്യാ ചാമ്പ്യന്‍സിന്റെ നിലപാടിനെതിരെ ഉയരുന്ന പ്രധാനവിമര്‍ശനം. ടൂര്‍ണമെന്റില്‍ നിന്നും നേരത്തെ മാറിനില്‍ക്കാമെന്നിരിക്കെ പകുതിയില്‍ വെച്ച് ഒഴിവാക്കി പോകുന്നത് പരിഹാസ്യമാണെന്നും ക്രിക്കറ്റ് ആരാധകര്‍ പറയുന്നു.