World Legends Championship: പാകിസ്ഥാനെതിരെ കളിച്ചില്ല, കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റു, ഇന്ത്യൻ ചാമ്പ്യൻസിന് ഇന്നത്തെ മത്സരം നിർണായകം

അഭിറാം മനോഹർ

ചൊവ്വ, 29 ജൂലൈ 2025 (17:31 IST)
India Champions
വേള്‍ഡ് ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം പോരാട്ടത്തിന് തയ്യാറെടുത്ത് ഇന്ത്യന്‍ ചാമ്പ്യന്‍സ്. ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെയായി കഴിഞ്ഞ 4 മത്സരങ്ങളില്‍ മൂന്നിലും തോറ്റ ഇന്ത്യയ്ക്ക് വെസ്റ്റിന്‍ഡീസ് ചാമ്പ്യന്‍സിനെതിരെ ഇന്ന് നടക്കുന്ന മത്സരം നിര്‍ണായകമാണ്. ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരെ നടക്കേണ്ടിയിരുന്ന ആദ്യ മത്സരത്തില്‍ നിന്നും അവസാന നിമിഷം ഇന്ത്യ പിന്മാറിയിരുന്നു.
 
പിന്നീടുള്ള മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ലെജന്‍ഡ്‌സ് ടീമുകളാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇതോടെ പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്നും നേടിയ ഒരു പോയന്റ് മാത്രമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ 88 റണ്‍സിനും ഓസ്‌ട്രേലിയക്കെതിരെ 4 വിക്കറ്റിനും ഇംഗ്ലണ്ടിനെതിരെ 23 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ന് നടക്കുന്ന മത്സരത്തില്‍ വെസ്റ്റിന്‍ഡീസാണ് ഇന്ത്യയുടെ എതിരാളികള്‍.
 
 നിലവില്‍ 5 മത്സരങ്ങളില്‍ നാലിലും വിജയിച്ച ദക്ഷിണാഫ്രിക്കയാണ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 4 കളികളില്‍ 3 വിജയവും ഒരു സമനിലയുമായി പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്തും 4 കളികളില്‍ 2 എണ്ണത്തില്‍ വിജയിച്ച ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തുമാണ്. ആകെ 6 രാജ്യങ്ങള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ അവസാനസ്ഥാനക്കാരാണ് ഇന്ത്യ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍