Jasprit Bumrah: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ജസ്പ്രിത് ബുംറ കളിച്ചേക്കും. പരമ്പര നിലവില്‍ 2-1 എന്ന നിലയിലാണ്. ഓവലില്‍ നടക്കാനിരിക്കുന്ന അവസാന ടെസ്റ്റില്‍ തോറ്റാലോ സമനില വഴങ്ങിയാലോ ഇന്ത്യക്ക് പരമ്പര നഷ്ടമാകും. ഈ സാഹചര്യത്തിലാണ് ഓവലിലും കളിക്കാമെന്ന നിലപാടിലേക്ക് ബുംറ എത്തിയിരിക്കുന്നത്.
പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ മാത്രമേ ബുംറ കളിക്കൂ എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അവസാന രണ്ട് ടെസ്റ്റില്‍ ബുംറയ്ക്കു വിശ്രമം അനുവദിക്കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ബുംറ വിശ്രമിക്കുകയും മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റ് താരം കളിക്കുകയും ചെയ്തു. നിലവില്‍ മൂന്ന് ടെസ്റ്റുകളില്‍ കളിച്ചതിനാല്‍ ജൂലൈ 31 നു ആരംഭിക്കുന്ന അവസാന ടെസ്റ്റില്‍ നിന്ന് ബുംറ ഒഴിഞ്ഞുനില്‍ക്കുമെന്നായിരുന്നു വിവരം.
നാലാം ടെസ്റ്റിനു ശേഷം പരിശീലകന്‍ ഗൗതം ഗംഭീര്‍ ഓവല്‍ ടെസ്റ്റില്‍ ബുംറ ഉണ്ടാകില്ലെന്ന് തീര്‍ത്തുപറഞ്ഞിട്ടില്ല. ഓവലില്‍ ബുംറ കളിക്കണോ, വേണ്ടേ എന്ന കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനമെടുത്തിട്ടില്ലെന്നാണ് ഗംഭീര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. നിലവില്‍ ഇന്ത്യയുടെ എല്ലാ പേസര്‍മാരും അഞ്ചാം ടെസ്റ്റ് കളിക്കാന്‍ പൂര്‍ണ കായികക്ഷമതയിലാണ് ഉള്ളത്. ആര്‍ക്കും പരുക്കില്ലെന്നും ഗംഭീര്‍ പറഞ്ഞിരുന്നു.