India vs Pakistan: വെള്ളവും രക്തവും ഒന്നിച്ചൊഴുകാത്തപ്പോൾ ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ല, ഏഷ്യാകപ്പിലെ ഇന്ത്യ- പാക് മത്സരത്തെ വിമർശിച്ച് അസദ്ദുദ്ദീൻ ഒവൈസി

അഭിറാം മനോഹർ

ചൊവ്വ, 29 ജൂലൈ 2025 (19:58 IST)
Asaduddin Owaisi
ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം സംഘടിപ്പിക്കുന്നതിനെതിരെ വിമര്‍ശനവുമായി അസദ്ദുദ്ദീന്‍ ഒവൈസി എം പി. വെള്ളവും രക്തവും ഒന്നിച്ചൊഴുകാത്തപ്പോള്‍ എങ്ങനെയാണ് ക്രിക്കറ്റ് കളിക്കുകയെന്ന് ലോകസഭയില്‍ ഒവൈസി ചോദിച്ചു. ക്രിക്കറ്റ് മത്സരം കാണാന്‍ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്നും ലോകസഭയിലെ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ എഐഎംഐഎം അധ്യക്ഷനായ ഒവൈസി പറഞ്ഞു.
 
പഹല്‍ഗാമിലെ ബൈസരണില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരം കാണണമെന്ന് പറയാന്‍ മനസാക്ഷി അനുവദിക്കുമോയെന്നും ഒവൈസി ചോദിച്ചു. പാകിസ്ഥാനിലേക്കുള്ള 80 ശതമാനം വെള്ളവും നമ്മള്‍ തടയുകയാണ്. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്ന് പറഞ്ഞാണ് ഇന്ത്യയുടെ ഈ നടപടി. അങ്ങനെയിരിക്കുമ്പോള്‍ ക്രിക്കറ്റ് മത്സരം നടത്താന്‍ കഴിയുമോ?, ഒവൈസി ചോദിച്ചു. ചര്‍ച്ചയും തീവ്രവാദവും ഒന്നിച്ച് പോകില്ലെന്നും രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നേരത്തെ നടത്തിയ പ്രസ്താവനയെ സൂചിപ്പിച്ചായിരുന്നു ഒവൈസിയുടെ പ്രതികരണം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍