പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

അഭിറാം മനോഹർ

തിങ്കള്‍, 28 ജൂലൈ 2025 (20:24 IST)
Veena George
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് ഗര്‍ഭാശയ കാന്‍സര്‍ പ്രതിരോധത്തിനായി എച്ച്പിവി (HPV) വാക്സിനേഷന്‍ നല്‍കാന്‍ ആരോഗ്യവകുപ്പ് തീരുമാനം കൈകൊണ്ടതായി മന്ത്രി വീണാ ജോര്‍ജ്. ഇതിനായുള്ള അന്തിമ തീരുമാനം ടെക്നിക്കല്‍ കമ്മിറ്റിയുടെ അടുത്ത യോഗത്തില്‍ ഉണ്ടാകും.
 
സ്ത്രീകളില്‍ സാധാരണയായി കാണപ്പെടുന്ന കാന്‍സറുകളിലൊന്നാണ് ഗര്‍ഭാശയ കാന്‍സര്‍. ഇത് എച്ച്പിവി വാക്സിന്‍ വഴി പ്രതിരോധിക്കാവുന്നതാണ്. 9 മുതല്‍ 14 വയസുവരെയുള്ളവരിലാണ് ഈ വാക്സിന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ളത്. 26 വയസുവരെയും വാക്സിന്‍ നല്‍കാനാകും.
 
ഗര്‍ഭാശയ കാന്‍സര്‍ മുക്ത കേരളം എന്ന ലക്ഷ്യത്തോടെ, സംസ്ഥാനത്ത് വ്യാപക കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. വാക്സിനേഷനുമായി ബന്ധപ്പെട്ടുള്ള അവബോധ ക്യാമ്പെയിനുകളും സംഘടിപ്പിക്കും. സ്‌കൂള്‍ തലത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേകം അവബോധം നല്‍കും.കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 'ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം' എന്ന ജനകീയ ക്യാമ്പയിനും ആരംഭിച്ചിരുന്നു. ഇതിലൂടെ ഇതിനകം 17 ലക്ഷം ആളുകളെ സ്‌കാനിങ്  ചെയ്തതായി ആരോഗ്യമന്ത്രാലയം പറയുന്നു.
 
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, എസ്.എച്ച്.എ. എക്സിക്യൂട്ടീവ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, എംസിസി, സിസിആര്‍സി ഡയറക്ടര്‍മാര്‍, ആര്‍സിസി ഗൈനക്കോളജി വിഭാഗം മേധാവി, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ആരോഗ്യ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍