കൊല്ലം : ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം സംബ ന്നിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയ സംഭവത്തിൽ ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ. കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൽ സത്താറിനെയാണ് ജയിൽ ഡിഐജി സസ്പെൻഡ് ചെയ്തത്. ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ വിവരങ്ങൾ പങ്കുവെച്ചത് വകുപ്പിന് മാനക്കേട് ഉണ്ടാക്കിയെന്നും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർത്തുവെന്നും ജയിൽ വകുപ്പിന്റെ കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണ വിധേയമായി അബ്ദുൾ സത്താറിനെ സസ്പെൻഡ് ചെയ്തത്.
അബ്ദുൽ സത്താർ മുമ്പ് കണ്ണൂർ സെൻട്രൽ ജയിലിൽ ജോലിയിലിരിക്കവേ ഉണ്ടായ അനുഭവങ്ങളാണ് മാധ്യമങ്ങളോട് പങ്കുവെച്ചത്. ഇതിനിടെ കൊടും ക്രിമിനല്‍ ഗോവിന്ദ ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങൾ പുറത്തായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നേ കാലിനാണ് ഗോവിന്ദ ചാമി ജയില്‍ ചാടിയത്. ആദ്യം ഒരു തുണി പുറത്തേക്കിടുകയും തുടർന്ന് സെല്ലിലെ കമ്പി മുറിച്ച് മാറ്റിയ വിടവിലൂടെ നിരങ്ങിയാണ് ഇയാൾ സെല്ലിന് പുറത്തെത്തിയത്. ഇതിന് ശേഷം മൂന്നു തവണയായി തുണി ഉൾപ്പെടെയുള്ള ചില സാധനങ്ങൾ എടുത്തു. 20ഓടെയാണ് ഇയാൾ പുറത്തേക്ക് ഇറങ്ങുന്നത്. തുടർന്ന് പത്താം ബ്ലോക്കിന്‍റെ മതില്‍ ചാടിക്കടന്ന ശേഷം വലിയ പുറം മതില്‍ ചാടിക്കടന്നു. മതില്‍ ചാടിക്കടക്കുമ്പോഴേക്കും നാലുമണി കഴിഞ്ഞിരുന്നു.